World

സമ്മാനങ്ങള്‍ നല്‍കില്ല, ആശംസകളുമില്ല; ഇവിടങ്ങളിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങളില്ല

Spread the love

പ്രണയിതാക്കള്‍ പരസ്പരം തങ്ങളുടെ സ്‌നേഹം പങ്കുവെയ്ക്കുന്ന ദിവസമാണ് വാലന്റൈൻസ് ദിനം. വാലന്റൈൻസ് ദിനത്തിന് 7 ദിവസം മുമ്പേ ആഘോഷങ്ങള്‍ തുടങ്ങും. ഫെബ്രുവരി 7ന് റോസ് ഡേയോട് കൂടി ആരംഭിക്കുന്ന ഈ പ്രണയവാരം ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്. റോസ് ഡേ, പ്രപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ്ഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് ഫെബ്രുവരി 7 മുതലുള്ള ഓരോ ദിനവും അടയാളപ്പെടുത്തുന്നത്.

എന്നാൽ ഈ ആഘോഷങ്ങളൊന്നുമില്ലാതിരുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. ഇറാനിൽ വാലന്റൈൻസ് ദിനത്തിന് നിരോധനമുണ്ട്. വാലന്റൈൻസ് ദിന ചിഹ്നങ്ങൾ, കടകളിലെ പ്രത്യേക വിൽപന വസ്തുക്കൾ തുടങ്ങി പ്രണയദിനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വിധ പ്രവർത്തനങ്ങൾക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

2016 ൽ അന്നത്തെ പ്രസിഡന്റായിരുന്ന മംനൂൺ ഹുസൈനാണ് പാകിസ്താൻ പൗരന്മാരോട് വാലന്റൈൻസ് ദിനാഘോഷത്തിൽ നിന്ന് വിട്ട് നിൽക്കാൻ പറഞ്ഞത്. പൊതുനിരത്തിൽ വാലന്റൈൻസ് ദിനത്തിന്റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും അന്നേ ദിവസങ്ങളിൽ പാടില്ല.

ഇന്തോനേഷ്യയിൽ വാലന്റൈൻസ് ഡേ വിലക്കിക്കൊണ്ട് നിയമമൊന്നും ഇല്ലെങ്കിലും ചില പ്രദേശങ്ങളിൽ വാലന്റൈൻസ് ഡേയോ അതുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വിൽപനയോ പ്രോത്സാഹിപ്പിക്കാറില്ല.

2012 വരെ ഉസ്‌ബെകിസ്താനിൽ വാലന്റൈൻസ് ഡേ ആചരിക്കുന്നതിൽ പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് വാലന്റൈൻസ് ഡേക്ക് പകരം അന്ന് രാജ്യത്തിന്റെ വീരനേതാവായ ബാബറിന്റെ ജന്മദിനം ആഘോഷിക്കണമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് വാലന്റൈൻസ് ഡേ ആചരിക്കുന്നത് ഇതുവരെ നിയമപരമായി നിരോധിച്ചിട്ടില്ല.

2005 ലാണ് മലേഷ്യയിലെ ഫത്വ കൗൺസിൽ വാലന്റൈൻസ് ദിനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചത്. 2011 വാലന്റൈൻസ് ദിനം ആഘോഷിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയതായി വാർത്തകൾ ഉണ്ടായിരുന്നു.

സൗദി അറേബ്യയിലും വാലന്റൈൻസ് ദിനാഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുനിരത്തിൽ സമ്മാനങ്ങൾ കൈമാറുകയോ, വാലന്റൈൻസ് ദിനം ആഘോഷിക്കുകയോ ചെയ്താൽ അറസ്റ്റ് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളാണ് കൈക്കൊണ്ടിരുന്നത്. എന്നാൽ 2018 ൽ ഈ നിയമത്തിന് അയവ് വന്നു. വാലന്റൈൻസ് ദിനം മനുഷ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന്റെ നല്ല നീക്കമായി ഷെയ്ഖ് അഹമ്മദ് ഖാസിം അൽ ഖംദി വിലയിരുത്തിയതോടെ രാജ്യത്ത് വാലന്റൈൻസ് ദിനാഘോഷങ്ങൾക്കുള്ള വിലക്കും നീങ്ങി. പിന്നീട് 2019 ലാണ് സൗദിയിൽ ആദ്യമായി വാലന്റൈൻസ് ദിനം ആഘോഷിച്ച് തുടങ്ങിയത്.