Kerala

തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന പരാമർശം; ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു

Spread the love

തട്ടം വിവാദത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. വനിത അവകാശ പ്രവർത്തക വിപി സുഹ്റയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ താൻ പറയാത്ത കാര്യങ്ങളിലാണ് പൊലീസ് നടപടിയെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു.

തട്ടം ഇടാത്ത സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ എഴുത്തുകാരിയും പ്രോഗ്രസീവ് മുസ്ലിം വിമൻസ് ഫോറം പ്രസിഡന്റുമായ വി പി സുഹ്റ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിലാണ് നടക്കാവ് പൊലീസിന്റെ നടപടി. ഉമർ ഫൈസിക്കെതിരെ മതസ്പർദ്ധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ താൻ പറയാത്ത കാര്യങ്ങളാണ് ചാനലിൽ വന്നതെന്നും തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണ് എന്ന പരാമർശം നടത്തിയിട്ടില്ല എന്നും ഉമ്മർ ഫൈസി മുക്കം പറഞ്ഞു. തട്ടമിട്ട് അഴിഞ്ഞാടാൻ ആരെയും അനുവദിക്കില്ല എന്നാണ് പറഞ്ഞതെന്നും മതത്തിന്റെ കാര്യമാണ് പറഞ്ഞതെന്നും ഉമർ ഫൈസി പറഞ്ഞു.

പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്നും നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നും വി പി സുഹറ വ്യക്തമാക്കി. വിപി സുഹറ മതസ്പർദ്ധ ഉണ്ടാക്കി എന്ന് ആരോപിച്ച് സമസ്ത യുവജന വിഭാഗമായ എസ് വൈ എസും, നല്ലളം സ്കൂളിലെ പിടിഎ പ്രസിഡണ്ട് ഷാഹുൽഹമീദും നൽകിയ പരാതിയും നിലനിൽക്കുന്നുണ്ട്. ഉമർ ഫൈസിക്കെതിരായ പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും പ്രതിഷേധം സർക്കാരിനെ അറിയിക്കുമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ പ്രതികരിച്ചു.