Kerala

കിഫ്ബിയില്‍ ‘കുരുക്ക്’; കോട്ടയം ജില്ലയില്‍ മുടങ്ങിയത് മൂന്ന് വന്‍കിട പദ്ധതികള്‍, കാരണം ആസൂത്രണ പാളിച്ചകള്‍

Spread the love

കോട്ടയം: ആസൂത്രണമില്ലായ്മയുടെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും അടയാളങ്ങളായ മൂന്ന് വന്‍കിട കിഫ്ബി പദ്ധതികളുണ്ട് കോട്ടയത്ത്. കോട്ടയം വൈക്കം പാതയിലെ രണ്ട് പ്രധാന പാലങ്ങളുടെ നിർമ്മാണമാണ് കിഫ്ബിയുടെ ആസൂത്രണ പാളിച്ച മൂലം അനന്തമായി നീളുന്നത്. അഞ്ച് കോടി ചെലവിട്ട് മൂന്നുവർഷം മുമ്പ് നിർമ്മിച്ച അയ്മനത്തെ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിന് പിന്നാലെ പൊളിഞ്ഞ് പാളീസായത് കിഫ്ബി പദ്ധതികളിലെ അഴിമതിയുടെ തെളിവായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കുമരകത്ത് ജി20 ഉച്ചകോടി നടക്കുന്നതിനിടെ വിദേശ പ്രതിനിധികളുടെ മുന്നില്‍ നാണം കെടാതിരിക്കാന്‍ പാതിവഴിയില്‍ പണി നിന്ന് പോയ പാലം കൂറ്റന്‍ ബോര്‍ഡുകള്‍ കൊണ്ട് മറച്ച് വെച്ചിരിക്കുകയാണ്. 2020 ഒക്ടോബറില്‍ ആറ് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് അഞ്ചുമന പാലത്തിന്‍റെ പണി തുടങ്ങിയത്. ഇപ്പോള്‍ 2024 ജനുവരിയായിട്ടും പാലം നാട്ടുകാര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥലമേറ്റെടുപ്പടക്കം ആസൂത്രണത്തിലുണ്ടായ പാളിച്ചയാണ് ജില്ലയിലെ ഈ പ്രധാന കിഫ്ബി പദ്ധതി നാട്ടുകാര്‍ക്ക് പ്രയോജനമില്ലാതെ നോക്കു കുത്തിയായി കിടക്കാനുള്ള കാരണം.

കോട്ടയത്ത് നിന്ന് കുമരകത്തേക്കുളള പാതയിലെ കോണത്താറ്റ് പാലം 2022 മെയ് മാസത്തിലാണ് പൊളിച്ചത്. 7 കോടി എസ്റ്റിമേറ്റിട്ട കിഫ്ബി പദ്ധതി. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ് പണി തുടങ്ങിയ ഈ പാലം ഇനിയും പെരുവഴിയിലാണ്. പാലത്തിന്‍റെ ഡിസൈനിംഗില്‍ തന്നെ പ്രശ്നമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. വൃത്തിയായി പാലം പണി തീര്‍ക്കണമെങ്കില്‍ അധികമായി ഇനി ആറ് കോടിയെങ്കിലും വേണമെന്ന നിലപാടിലാണ് കരാറുകാരനുള്ളത്. റിവൈസ് എസ്റ്റിമേറ്റിന് നിര്‍ദേശം പോയിട്ടുണ്ടെങ്കിലും ഇവിടെയും കിഫ്ബി അധികൃതര്‍ മൗനത്തിലാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കിഫ്ബി ഫണ്ടില്‍ നിന്ന് 5 കോടി ചെലവിട്ട് നിര്‍മിച്ച അയ്മനത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം, പിടിപ്പുകേടിന്‍റെ മാത്രമല്ല നഗ്നമായ അഴിമതിയുടെ കൂടി അടയാളമാണ്.
ഗുണനിലവാരം ഉറപ്പാക്കിയുള്ള നിര്‍മാണമാണ് കിഫ്ബി പദ്ധതികളുടെ വലിയ മേന്മയായി ഉയര്‍ത്തിക്കാട്ടാറ്. എന്നാല്‍ അഞ്ച് കോടി ചെലവിട്ട് നിര്‍മിച്ച ഈ സ്റ്റേഡിയം ഒരു ദിവസം പോലും ഉപയോഗിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഉദ്ഘാടനം നടന്ന് മാസങ്ങള്‍ക്കകം പൊളിഞ്ഞ് പോയ ഈ നിര്‍മിതിയെ പറ്റി ഒരു വാക്ക് മിണ്ടാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കിഫ്ബി അധികൃതര്‍ തയാറായിട്ടു കൂടിയില്ല.