National

ലോക്സഭാ പ്രിവിലേജസ് കമ്മിറ്റി യോഗം ജനുവരി 12ന്; 3 കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷനിൽ തീരുമാനം ഉണ്ടായേക്കും

Spread the love

ശീതകാല സമ്മേളനത്തിനിടെ കോൺഗ്രസ് അംഗങ്ങളെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത വിഷയം ലോക്സഭയുടെ പ്രിവിലേജസ് കമ്മിറ്റി പരിഗണിക്കും. എംപിമാരുടെ സസ്‌പെൻഷൻ സംബന്ധിച്ച സുപ്രധാന തീരുമാനം അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

ബിജെപി എംപി സുനിൽകുമാർ സിങ്ങാണ് സമിതി അധ്യക്ഷൻ. ജനുവരി 12ന് ചേരുന്ന കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് എംപിമാരായ കെ ജയകുമാർ, അബ്ദുൾ ഖാലിഖ്, വിജയകുമാർ വിജയ് വസന്ത് എന്നിവരുടെ മൊഴി രേഖപ്പെടുത്തും. പാർലമെന്റിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഡിസംബർ 18 നാണ് മൂവരെയും സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തത്.

ഡിസംബർ 13ന് പാർലമെന്റിന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായോ പ്രധാനമന്ത്രി മോദിയോ സഭയിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധത്തിൽ അതൃപ്തി രേഖപ്പെടുത്തിയ സ്പീക്കർ ഓം ബിർള 97 അംഗങ്ങളെ ശീതകാല സമ്മേളനത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും കെ ജയകുമാർ, അബ്ദുൾ ഖാലിഖ്, വിജയകുമാർ വിജയ് വസന്ത് എന്നിവരുടെ കേസ് പ്രിവിലേജസ് കമ്മിറ്റിക്ക് വിടുകയും ചെയ്യുകയായിരുന്നു.

മൂവരും പ്രിസൈഡിംഗ് ഓഫീസറുടെ കസേരയിൽ എത്തിയെന്നാണ് ആരോപണം. നടപടിയനുസരിച്ച് സമിതി ലോക്സഭാ സ്പീക്കർക്ക് റിപ്പോർട്ട് സമർപ്പിക്കും വരെ മൂന്നംഗങ്ങളുടെ സസ്പെൻഷൻ തുടരും.