Kerala

നവകേരള സദസിന് സുരക്ഷാ ഭീഷണി; കളക്ടറേറ്റിന് മുന്നിൽ സമരം ചെയ്‌ത സർഫാസി വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്‌തു

Spread the love

എറണാകുളത്ത് നവകേരള സദസിന് സുരക്ഷാ ഭീഷണി. കളക്ടറേറ്റിന് മുന്നിൽ സമരം നടത്തിയ സർഫാസി വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്‌തു. കിടപ്പാടത്തിനുവേണ്ടി സമരം ചെയ്യുന്ന സ്ത്രീകളെയും വൃദ്ധരെയും പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. വർഷങ്ങളായി കളക്ടറേറ്റിനുമുന്നിൽ സമരം ചെയ്‌തവരെയാണ് അറസ്റ്റ് ചെയ്‌തത്‌. മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് സമരക്കാർ അതിന് തയ്യാറായില്ല തുടർന്നാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്‌തു നീക്കിയത്.

എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസിനാണ് ഇന്ന് തുടക്കമാവുക. തൃക്കാക്കര , പിറവം മണ്ഡലങ്ങളിൽ ഇന്നും തൃപ്പുണിത്തുറയിലും കുന്നത്തുനാടും നാളെയുമാണ് സദസ് നടക്കുക. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ഈ മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റിവച്ചത്. മന്ത്രിസഭ പുനഃസംഘടനയ്ക്ക് ,
ശേഷം നടക്കുന്ന സദസായതിനാൽ ആന്‍റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരം പുതിയ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും പരിപാടിയില്‍ പങ്കെടുക്കും.

ആദ്യം നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു മണിക്ക് സംസാരിക്കും. തുടർന്ന് 5 മണിക്കാണ് പിറവം മണ്ഡലത്തിലെ സദസ്സ് നടക്കും. അതേസമയം പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും കെഎസ്​യുവും.

കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക. മുഖ്യമന്ത്രിയും സംഘവും കടന്നുവരുന്ന വഴിയിലുടനീളം പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സദസ്സ് തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുൻപ് ജനങ്ങൾക്ക് പരാതി നൽകാൻ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് പിറവം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലാണ് പിറവം മണ്ഡലത്തിലെ സദസ്സ്. തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലളിലെ സദസ് നാളെ നടക്കും.