Kerala

മൈലപ്രയിലെ വ്യാപാരിയെ കൊന്നത് കഴുത്തു ഞെരിച്ച്; കൂടുതൽ ആളുകൾ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ്

Spread the love

മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണുണ്ണിയെ കൊന്നത് കഴുത്തു ഞെരിച്ചാണെന്ന് പ്രാഥമിക നിഗമനം. തോർത്തും ലുങ്കിയും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചതെന്ന് പത്തനംതിട്ട എസ്പി വി അജിത്ത് വ്യക്തമാക്കി.ഒന്നിൽ കൂടുതൽ ആളുകൾ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നുന്നാണ് പൊലീസ് നിഗമനം. 46ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചിരുന്നു. പത്തനംതിട്ട എസ്പി വി അജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. രണ്ട് ഡിവൈഎസ്പി മാർക്കാൻ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.കൊലപാതകത്തിന് പിന്നിൽ വൻ ആസൂത്രണം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം. കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളിൽ ജോർജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്.

കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിൽ കിടന്ന മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തി. കട പൊലീസ് സീല്‍ ചെയ്തു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാതായിട്ടുണ്ട്.

മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് ജോര്‍ജ്. എല്ലാ ദിവസവും ആറ് മണിക്ക് ജോര്‍ജ് കടയടച്ചുപോകാറാണ് പതിവ്. കൊച്ചുമകനാണ് ആദ്യം മൃതദേഹം കണ്ടത്. വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.