Kerala

ഭക്ഷണ വിവാദത്തില്‍ മുതലെടുപ്പുകള്‍ ഉണ്ടായിരുന്നോയെന്ന് സംശയമുണ്ട്’; ഭക്ഷണത്തില്‍ രാഷ്ട്രീയമില്ലെന്ന് പഴയിടം

Spread the love

കലോത്സവത്തിലെ ഭക്ഷണ വിവാദം ഉണ്ടാക്കിയവര്‍ തന്നെ പശ്ചാത്തപിച്ചതിനാലാണ് ഇത്തവണയും ടെന്‍ഡര്‍ നല്‍കിയതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. കലോത്സവ ഭക്ഷണ വിവാദത്തില്‍ മുതലെടുപ്പുകള്‍ ഉണ്ടായിരുന്നോയെന്ന് സംശയമുണ്ടെന്ന് പഴയിടം പറഞ്ഞു. ഭക്ഷണത്തില്‍ രാഷ്ട്രീയമില്ലെന്നും പഴയിടം ട്വന്റിഫോറിനോട് പറഞ്ഞു. ജനുവരി മൂന്നിന് കൊല്ലത്തെ കലോത്സവ കലവറയില്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുമെന്നും താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പ്രതികരിച്ചു.

മന്ത്രി തന്നെ ഈ വര്‍ഷം വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുമെന്ന് പറഞ്ഞുവെന്ന് പഴയിടം ചൂണ്ടിക്കാട്ടി. ഭക്ഷണമാണ് തന്റെ രാഷ്ട്രീയമെന്നും ഭക്ഷണത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളോട് അന്നും താന്‍ തീവ്രമായി പ്രതികരിച്ചില്ല. പക്വതയോടെയാണ് കാര്യങ്ങളെ കാണുന്നത്. വരുന്നതെല്ലാം നല്ലതിനാണെന്നാണ് വിശ്വസിക്കുന്നതെന്നും പഴയിടം പ്രതികരിച്ചു.

നോണ്‍വെജ് വിവാദത്തെ തുടര്‍ന്ന് കലാമേളയില്‍ ഇനി ഭക്ഷണമൊരുക്കില്ലെന്ന് കഴിഞ്ഞ തവണ പഴയിടം ഉറപ്പിച്ച് പറഞ്ഞിരുന്നു. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെന്‍ഡറില്‍ പഴയിടം പങ്കെടുത്തത്. കലോത്സവ ഭക്ഷണത്തില്‍ നോണ്‍ വെജും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പ്രഖ്യാപിച്ചത്. നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി അന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍, വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറഞ്ഞതോടെയാണ് പഴയിടം വീണ്ടും കലോത്സവത്തിലേക്ക് എത്തുന്നത്.