Kerala

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്കിലെത്തിച്ചു: മന്ത്രി ആർ ബിന്ദു

Spread the love

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്.

2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾ പ്രകാരം 5,000/- രൂപ വീതം ക്യാഷ് അവാർഡ് നൽകിയത്.

Read Also : നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺ​ഗ്രസ്

പ്ലസ് ടു ജനറൽ വിഭാഗത്തിലെ 167 പേർക്കും, പ്ലസ് ടു ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ 146 പേർക്കും, എസ്.എസ്.എൽ.സി ജനറൽ വിഭാഗത്തിലെ 176 പേർക്കും, എസ്.എസ്.എൽ.സി ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ 242 പേർക്കുമായി ആകെ 731 വിദ്യാർത്ഥികൾക്കാണ് തുക നൽകിയത്.

വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക്‌ ക്യാഷ് അവാർഡ് വിതരണം ചെയ്തിട്ടുണ്ട്. പൊതു വിഭാഗത്തിൽ ബി ഗ്രേഡ് അല്ലെങ്കിൽ അതിൽ കൂടുതൽ ഗ്രേഡ് നേടിയവർക്കും ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ പാസ്സായവർക്കുമാണ് പ്രൊഫിഷ്യൻസി അവാർഡ് നൽകുന്നത്.

അർഹരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2347768, 9497281896 നമ്പറുകളിൽ ബന്ധപ്പെടാം – മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.

Story Highlights: 5000 rupees New Year gift for differently abled students

Read more on: Dr R Bindhu | kerala | pinarayi vijayan