Kerala

എൽ.ഡി.എഫിൽ ആർ.ജെ.ഡിയെ അപമാനിക്കാൻ അനുവദിക്കില്ല, പാർട്ടിക്കുള്ള അയിത്തം എന്താണെന്ന് CPIM പറയണം’; ആർജെഡിയുടെ യുവജന സംഘടന

Spread the love

രണ്ടാം പിണറായി മന്ത്രിസഭാ പുന:സംഘടനയ്ക്ക് എതിരെ ആർജെഡിയുടെ യുവജന സംഘടന രം​ഗത്ത്. പുന:സംഘടനയിൽ ആർജെഡിയെ മാത്രം ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് RYJD വ്യക്തമാക്കി. ‘ LDFൽ ആർജെഡിയെ അപമാനിക്കാൻ അനുവദിക്കില്ല. പാർട്ടി ചുരുങ്ങിയ കാലം മാത്രമാണ് മുന്നണി വിട്ടു നിന്നത്. ശക്തിക്ക് അനുസരിച്ച് പാർട്ടിക്ക് മുന്നണിയിൽ പ്രാതിനിധ്യം ലഭിക്കുന്നില്ല.’ പാർട്ടിക്കുള്ള അയിത്തം CPIM നേതൃത്വം തുറന്ന് പറയണമെന്നും RYJD ആവശ്യപ്പെടുന്നു.

ആൻറണി രാജുവിനും അഹമ്മദ് ദേവർ കോവിലിനും പകരമാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എൽ.എമാരിൽ രണ്ട് പേർക്ക് രണ്ടര വർഷവും,മറ്റ് രണ്ട് പേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആൻറണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവർ കോവിലും മാറി ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തും .

മുൻ ധാരണ പ്രകാരമാണെങ്കിൽ നവംബർ അവസാനം പുനസംഘടന നടക്കേണ്ടതായിരുന്നു. എന്നാൽ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്. KSRTC യിൽ യൂണിയനുകൾ ഭരിക്കില്ലെന്നും കോർപ്പറേഷനെ ജനങ്ങൾക്ക്‌ ഉപകാരപ്രദമാക്കുമെന്നും നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. സാമ്പത്തിക ചോർച്ചകൾ അടയ്ക്കാനും ദുർചിലവുകൾ അവസാനിപ്പിക്കാനും ശ്രമം നടത്തും. തൊഴിലാളികളുടെ ക്ഷേമം താൻ ഉറപ്പാക്കും. തൊഴിലാളികൾ ജോലി ചെയ്യും, ഭരണം MD നോക്കും. തൊഴിലാളി വിഷയങ്ങളിൽ സ്നേഹത്തോടെ ഇടപെടൽ ഉണ്ടാകുമെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.