Kerala

കെപിസിസി മാർച്ചിനെതിരായ പൊലീസ് നടപടി; അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ്

Spread the love

കെപിസിസി മാർച്ചിനെതിരായ പൊലീസ് നടപടിയ്ക്കെതിരെ സ്പീക്കർക്ക് നോട്ടീസ്. എ.പി. അനിൽകുമാർ ആണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെയാണ് നോട്ടീസ്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലേക്ക് ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിച്ചത് മുന്നറിയിപ്പില്ലാതെയാണെന്ന് നോട്ടീസിൽ പറയുന്നു. പ്രതിപക്ഷത്തെ മുൻനിര നേതാക്കളെ അപായപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു പൊലീസ് നടപടിയെന്നും അനിൽകുമാർ ആരോപിക്കുന്നു.
സഭാ ചട്ടം 154 പ്രകാരം മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെ നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.

ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുന്നതിന് മുമ്പ് പൊലീസ് മാനുവല്‍ അനുസരിച്ച് പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. അതൊന്നും പാലിക്കാതെയാണ് സമാധാനപരമായി നടന്ന പ്രതിഷേധ യോഗത്തിന് നേരെ പൊലീസ് നടപടി ഉണ്ടായതെന്നും, ഇത് പ്രതിപക്ഷ നേതാവിനെ അപായപ്പെടുത്താനാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ നേതാക്കള്‍ പൊലീസിനെ ആക്രമിച്ചതായിട്ടാണ് എഫ്‌ഐആറില്‍ പറയുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊടിക്കുന്നിൽ, ജെബി മേത്തർ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.