Kerala

‘അനാവശ്യ തിടുക്കം വേണ്ട’; സർക്കാർ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയില്‍ ധനവകുപ്പ്

Spread the love

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയില്‍ അനാവശ്യ തിടുക്കം വേണ്ടെന്ന് ധനകാര്യ വകുപ്പ്. കാരണം കാണിക്കല്‍ നോട്ടീസ് മാത്രം നല്‍കിയുള്ള അച്ചടക്ക നടപടി ധനകാര്യ വകുപ്പ് വിലക്കി. ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പെന്‍ഷന്‍ പൂര്‍ണമായും തടയാമെന്നും ധനവകുപ്പ് വ്യക്തമാക്കി.

ധൃതിപിടിച്ചുള്ള അച്ചടക്ക നടപടി കേരള സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന പി.എസ്.സിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ വകുപ്പിന്റെ നടപടി. ഔപചാരിക അന്വേഷണം നടത്തി കാരണം കാണിക്കല്‍ നോട്ടീസ് മാത്രം നല്‍കിയുള്ള അച്ചടക്ക നടപടി പാടില്ല. ഒരാള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കണം. കുറ്റം വിശദമാക്കിക്കൊണ്ടുള്ള ചാര്‍ജ്ജ് മെമ്മോയും കുറ്റാരോപണ പത്രികയും നല്‍കണം. കുറ്റാരോപിതന് എതിര്‍പത്രിക നല്‍കാന്‍ അവസരം ഒരുക്കണം.

തുടര്‍ന്ന് ഔപചാരിക അന്വേഷണം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കുകയും വേണം. സ്വീകരിക്കുന്ന നടപടി വ്യക്തമാക്കി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. കുറ്റാരോപിതനെ കേട്ടശേഷം പി.എസ്.സിയുമായി ആലോചിച്ചായിരിക്കണം അന്തിമ തീരുമാനമെടുക്കേണ്ടത്. ശിക്ഷയുടെ ഭാഗമായി പെന്‍ഷന്‍ ഭാഗികമാമായോ പൂര്‍ണമായോ പിന്‍വലിക്കാമെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി.