National

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

Spread the love

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്‌സിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ധരിക്കുന്ന വസ്ത്രത്തിന്റേയും, ജാതിയുടേയും പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന് കർണാടക മുഖ്യമന്ത്രി ആരോപിച്ചു. സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് പുറത്ത് പോകാമെന്നും. അധികൃതരോട് ഇത് സംബന്ധിച്ച ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകിയതായും സിദ്ധരാമയ്യ അറിയിച്ചു.

ഒരാൾ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും അതിൽ എതിര് പറയാൻ താനാരെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. ‘നിങ്ങൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ. അതെന്തിന് ഞാൻ അറിയണം ?’- സിദ്ധരാമയ്യ എഎൻഐയോട് പ്രതികരിച്ചു.

2022 ജനുവരിയിലാണ് കർണാടകയിൽ ആദ്യമായി ഹിജാബ് വിവാദം ഉടലെടുക്കുന്നത്. കർണാടകയിലെ ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ക്ലാസിൽ കയറാൻ അനുവദിക്കാതിരുന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ ഫെബ്രുവരി 2022 ൽ കർണാടകയിൽ ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചു. പിന്നാലെ വലിയ പ്രതിഷേധങ്ങൾ കർണാടകയിൽ അരങ്ങേറി. ശിവമോഗയിൽ 144 വരെ പ്രഖ്യാപിച്ചിരുന്നു.

വിഷയം ഹൈക്കോടതി വരെയെത്തി. പിന്നാലെ 2022 മാർച്ച് 15ന് ഹിജാബ് ഇസ്ലാമിൽ നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി സർക്കാർ തീരുമാനത്തെ പിന്തുണച്ചു.