Kerala

നടപ്പിലാക്കുന്നത് പ്രത്യേക അജണ്ട; ഗവര്‍ണറെ തിരിച്ചുവിളിക്കണം; രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍

Spread the love

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിമാര്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ തകര്‍ക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു. ഗവര്‍ണറുടേത് സംസ്ഥാനത്തിന് ചേരാത്ത പദപ്രയോഗമെന്ന് മന്ത്രി സജി ചെറിയാന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നായിരുന്നു മന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഒരു നിലവാരവും ഇല്ലാത്ത ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും എം ബി രാജേഷ് പറഞ്ഞു. കേരളത്തില്‍ മുഴുവന്‍ അദ്ദേഹം പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് എണ്ണ പകരുന്ന നടപടിയാണ് ഗവര്‍ണറുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്എഫ്ഐ. ഇന്നുച്ച കഴിഞ്ഞ് മൂന്നരയോടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ സെമിനാറില്‍ പങ്കെടുക്കും. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ക്യാമ്പസില്‍ വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നതിന് മുന്‍പ് തന്നെ ഗസ്റ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്താനാണ് എസ്എഫ്ഐ തീരുമാനം. ഉച്ചയ്ക്ക് നടക്കുന്ന പ്രതിഷേധത്തില്‍ സുരക്ഷ കണക്കിലെടുത്ത് രണ്ടായിരം പോലീസുകാരെയാണ് സര്‍വകലാശാലയിലും പരിസരത്തും വിന്യസിച്ചിട്ടുള്ളത്.