Kerala

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ എസ്എഫ്‌ഐ; ഗസ്റ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും

Spread the love

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ എസ്എഫ്‌ഐ. ഇന്നുച്ച കഴിഞ്ഞ് മൂന്നരയോടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ സെമിനാറില്‍ പങ്കെടുക്കും. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ക്യാമ്പസില്‍ വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നതിന് മുന്‍പ് തന്നെ ഗസ്റ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്താനാണ് എസ്എഫ്‌ഐ തീരുമാനം. ഉച്ചയ്ക്ക് നടക്കുന്ന പ്രതിഷേധത്തില്‍ സുരക്ഷ കണക്കിലെടുത്ത് രണ്ടായിരം പോലീസുകാരെയാണ് സര്‍വകലാശാലയിലും പരിസരത്തും വിന്യസിച്ചിട്ടുള്ളത്.

സര്‍വകലാശാലയിലെ ഇ എം എസ് സെമിനാര്‍ കോംപ്ലക്‌സില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഗവര്‍ണറുടെ ഇന്നത്തെ ഔദ്യോഗിക പരിപാടി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ പിന്തുണയോടെ കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മപീഠം ചെയറാണ് പരിപാടിയുടെ സംഘടകര്‍. സര്‍വകലാശാലകളെ കാവിവത്കരിക്കുന്നു, എന്ന എസ് എഫ് ഐ ആരോപണം നിലനില്‍ക്കെയാണ് ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് പാസ് മുഖേനയാണ് സെമിനാര്‍ ഹാളിലേക്കുള്ള പ്രവേശനം.

എസ് എഫ് ഐ ക്യാമ്പസില്‍ ഉയര്‍ത്തിയ ഗവര്‍ണര്‍ക്കെതിരെയുള്ള കറുത്ത ബാനറുകള്‍ നീക്കം ചെയ്തത് പ്രവര്‍ത്തകരെ പ്രകോപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കൂടുതല്‍ ബാനറുകള്‍ ക്യാമ്പസില്‍ ഉയര്‍ത്തിയിരുന്നു.

ബാനറുകള്‍ നീക്കാനുള്ള രാജ്ഭവന്‍ നിര്‍ദ്ദേശം അവഗണിച്ച സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ ഇന്ന് നടപടിയ്ക്കും സാധ്യതയുണ്ട്. സംഭവത്തില്‍ വൈസ് ചാന്‍സിലറെയും രജിസ്ട്രാറെയും വിളിച്ചു വരുത്തിയ ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.