Kerala

എസ്എഫ്ഐയുടേത് പ്രഖ്യാപിത സമരം; ഗവർണർ കഥകളുണ്ടാക്കി ഹീറോയാകുന്നു; എ കെ ശശീന്ദ്രൻ

Spread the love

ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. ഗവർണർ പ്രവർത്തിക്കുന്നത് ആർഎസ്എസുകാരനെ പോലെയാണ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നു. കാറിൽ നിന്നിറങ്ങി ഗുണ്ടകളെ പോലെ പെരുമാറിയത് ഗവർണർ.

ഗവർണർ യുദ്ധ പ്രഖ്യാപനം നടത്തുന്നത് ജനങ്ങളോടെന്നും മന്ത്രി വ്യക്തമാക്കി. എസ്എഫ്ഐയുടേത് പ്രഖ്യാപിത സമരം. ഗവർണർ കഥകളുണ്ടാക്കി ഹീറോയാകുന്നു. ഗവർണർക്കെതിരെ സർക്കാർ ഗൂഢാലോചനയില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

സംഭവത്തിൽ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് രാജ്ഭവൻ അറിയിച്ചു. നടന്നത് ഗുരുതര പ്രോട്ടോകോൾ ലംഘനമെന്നും അറിയിച്ചു. ഗവർണറുടെ വാഹനം SFI പ്രവർത്തകർ ആക്രമത്തിച്ചതിൽ വിശദ അന്വേഷണത്തിന് പൊലീസ്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എഡിജിപിക്ക് നിർദേശം നൽകി. അറസ്റ്റിലായ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് സമീപത്തുവച്ച് ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനം നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രവര്‍ത്തകരോട് ഗവര്‍ണര്‍ ക്ഷോഭിച്ചു. ഇതാണോ തനിക്ക് ഒരക്കിയ സുരക്ഷയെന്ന് ഗവര്‍ണര്‍ പൊലീസിനോടും ചോദിച്ചു. തനിക്കെതിരെ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹമാണ് ഗുണ്ടകളെ തന്റെ അടുത്തേക്ക് അയച്ചതെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.

സംസ്ഥാനത്ത് ഗുണ്ടാരാജ് അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ല. കാറില്‍ നിന്ന് താന്‍ പുറത്തിറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ഓടിയതെന്തിനാണെന്ന് ഗവര്‍ണര്‍ ചോദിച്ചു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും ഗവര്‍ണര്‍ ആരോപിച്ചു. നാലുവര്‍ഷം മുന്‍പ് കണ്ണൂരില്‍ തന്നെ കയ്യേറ്റം ചെയ്തവര്‍ക്കെതിരേയും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിമിനലുകളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് ഗവര്‍ണര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ഇങ്ങനെ ആരെങ്കിലും വരാന്‍ അനുവദിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഗവര്‍ണറുടെ വാഹനത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചത് വലിയ പ്രോട്ടോക്കോള്‍ ലംഘനമായി രാജ്ഭവന്‍ വരുംദിവസങ്ങളില്‍ ഉയര്‍ത്തിക്കാട്ടും. സംഭവം സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമാക്കിയേക്കും.