പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് പഠിക്കണം’; മൻസൂർ അലിഖാനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി
നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. യഥാർത്ഥത്തിൽ തൃഷയാണ് കേസ് കൊടുക്കേണ്ടിയിരുന്നത്. പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും കോടതി പറഞ്ഞു. കേസ് ഡിസംബർ 22 ലേക്ക് മാറ്റി.
ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ തൃഷ കൃഷ്ണന്‍, ദേശീയ വനിതാ കമ്മീഷന്‍ അംഗം കൂടിയായ ഖുശ്ബു സുന്ദര്‍, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
‘ലിയോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോള്‍ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉണ്ടാകുമെന്നാണ് താൻ കരുതിയിരുന്നതെന്ന് മൻസൂർ പറഞ്ഞു. നടിക്കെതിരെയുളള ലൈംഗിക പരാമർശം വിവാദമായതോടെ തമിഴ് സിനിമയിലെ ഒട്ടുമിക്ക കലാകാരന്മാരും അദ്ദേഹത്തിനെതിരെ രംഗത്തെത്തി.
എന്നാൽ അദ്ദേഹം പറഞ്ഞതിൽ തെറ്റില്ല എന്ന നിലപാടിൽ ഉറച്ചു നിന്നു. വനിതാ കമ്മീഷൻ ഇടപെട്ട് പൊലീസ് കേസ് എടുത്തതോടെ മാപ്പപേക്ഷയുമായി മൻസൂർ രംഗത്തെത്തി. പിന്നീട് ആ പ്രസ്താവനയിൽ താൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.