National

കർണാടകയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ

Spread the love

കർണാടക കുടക് ജില്ലയിലെ റിസോർട്ടിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ജിബി എബ്രഹാം (38), മകളായ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

വെള്ളിയാഴ്ചയാണ് കുടുംബം റിസോർട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് ദമ്പതികൾ ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാൽ 10 മണി കഴിഞ്ഞിട്ടും ദമ്പതികൾ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. ഇതോടെയാണ് ജീവനക്കാർ ഇവരെ അന്വേഷിച്ച് വന്നത്. ഏറെ നേരം വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ജീവനക്കാർ തിരികെ പോയി.

അര മണിക്കൂർ കഴിഞ്ഞ് ജീവനക്കാർ ദമ്പതികളെ വീണ്ടും വിളിച്ചുനോക്കി. കോട്ടേജിന് പുറത്ത് കുടുംബത്തിന്റെ ചെരിപ്പുകൾ കണ്ടതോടെ സംശയം തോന്നിയ ജീവനക്കാർ ഉച്ചയോടെ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിസോർട്ട് ജീവനക്കാർ ഉടൻ മടിക്കേരി റൂറൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി മുറി തുറന്ന് അകത്തുകയറി. വിനോദും ജിബിയും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. കുട്ടി കിടക്കയിൽ മരിച്ച് കിടക്കുന്ന നിലയിലും. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നിഗമനം. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.