Kerala

കാനം രാജേന്ദ്രൻ്റെ മൃതദേഹം വിമാനത്തിൽ തിരുവനന്തപുരത്തേക്ക്; സംസ്കാരം നാളെ കോട്ടയത്ത്

Spread the love

കാനം രാജേന്ദ്രന്റെ മൃതദേഹം അല്പ സമയത്തിനകം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ എട്ട് മണിക്ക് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. പാർട്ടി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണി വരെ പട്ടം പി എസ് സ്മാരകത്തിലും പൊതുദർശനം ഉണ്ടാകും.

തുടർന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിൻ്റെ സംസ്കാരച്ചടങ്ങുകൾ നടക്കുക.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 73 വയസുകാരനായ കാനം രാജേന്ദ്രൻ്റെ അന്ത്യം. കൊച്ചിയിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം. 2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.

വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 21-ാം വയസിലാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ എത്തുന്നത്. സി കെ ചന്ദ്രപ്പന്റെ ഒഴിവിലാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തല്‍ ശക്തിയായി കാനം പ്രവര്‍ത്തിച്ചുവരികയായിരുന്നു.