Kerala

‘നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത് ലീഗ് നിലപാട്, എല്ലാവരും അനുസരിക്കാന്‍ വാശിപിടിക്കരുത്’; വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Spread the love

മിശ്ര വിവാഹത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നാസര്‍ ഫൈസി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ എല്ലാവരും അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മുസ്ലിം ലീഗുകാരനായ മതപണ്ഡിതനാണ് നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം ലീഗ് നിലപാടാണ് അദ്ദേഹം പറയുന്നത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും വിശ്വസിക്കാനും ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഐഎമ്മും ഡിവൈഎഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വിവാദ പ്രസ്താവന. സുന്നി മഹല്‍ ഫെഡറേഷന്‍ കോഴിക്കോട് സാരഥീസംഗമം കൊയിലാണ്ടിയില്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. മതപണ്ഡിതനെന്ന നിലയില്‍ വിശ്വാസികള്‍ക്കായി നാസര്‍ ഫൈസിക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കാമെന്നും അതെല്ലാവരും അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു.

സംവിധായകന്‍ ജിയോ ബേബിയെ ഫാറൂഖ് കോളേജ് പരിപാടിയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തോടും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. അതത് മാനേജ്‌മെന്റുകളാണ് ആരെ പങ്കെടുപ്പിക്കണം എന്ന് തീരുമാനം എടുക്കേണ്ടത്. ജിയോ ബേബിയെ പരിപാടിയില്‍ പങ്കെടുപ്പിക്കണമായിരുന്നു. അദ്ദേഹത്തിന് പറയാനുള്ളത് കേട്ട ശേഷം അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാം. വിഷയത്തിലെ എംഎസ്എഫ് നിലപാട് മുസ്ലിം ലീഗിന്റെ നയമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.