Kerala

പ്രൊ. ഗോപിനാഥ് രവീന്ദ്രനൊപ്പം മന്ത്രി ആർ ബിന്ദു രാജിവെച്ച് പുറത്ത് പോകണം; കെഎസ്‌യു

Spread the love

സിപിഐഎം നേതാക്കൾക്ക് വിടുപണി ചെയ്തതിന് പ്രത്യുപകാരമായി ലഭിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പദവിയിലേക്കുള്ള പ്രൊ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമന നടപടി റദ്ദാക്കിയ സുപ്രിംകോടതി വിധി സ്വാഗതാർഹമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി.

യു ജി സി ചട്ടങ്ങൾക്ക് ആകെ വിരുദ്ധമായി സിപിഐഎം നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും ചെയ്ത് കൊടുത്ത അനധികൃത നിയമനങ്ങൾക്കുള്ള ഉപകാരസ്മരണയുടെ ഭാഗമായി കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസിലറായി കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പുനർനിയമനം ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്നത്.

യു ജി സി ചട്ടങ്ങൾ മുഴുവനും കാറ്റിൽ പറത്തികൊണ്ടായിരുന്നു പുനർനിയമന നടപടികളുടെ തുടക്കം. വൈസ് ചാൻസിലർക്കായുള്ള സെർച്ച്‌ കമ്മിറ്റി പോലും ഗോപിനാഥ് രവീന്ദ്രൻ എന്ന ഒറ്റപ്പേര് നൽകിക്കൊണ്ട് അദ്ദേഹത്തെ നിയമിക്കുന്നതിന് വേണ്ടി മാത്രം പേരിന് നടത്തിയ നടപടിക്രമങ്ങൾ അതിനൊക്കെ നേതൃത്വം കൊടുത്തതാകട്ടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നത് പരസ്യമായ രഹസ്യമാണ്.

കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിയ വഴിവിട്ട നിയമനങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറുടെ പുനർനിയമനം റദ്ദാക്കിയ സുപ്രിം കോടതിയുടെ വിധി. തുടക്കം മുതലേ ഈ പുനർനിയമനത്തിന് വേണ്ടി നേതൃത്വം നൽകിയ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തല്ലിതകർക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെച്ച് പ്രൊ ഗോപിനാഥ് രവീന്ദ്രനൊപ്പം പുറത്ത് പോകണമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പ്രസ്താവനയിലൂടെ അറിയിച്ചു.