Kerala

‘കേന്ദ്രമന്ത്രി തെറ്റിധരിപ്പിക്കുന്നു, ക്ഷേമ പെൻഷൻ വിഹിതം മൂന്നര വര്‍ഷം പിടിച്ചു’; മറുപടിയുമായി മുഖ്യമന്ത്രി

Spread the love

കോഴിക്കോട് : കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷ വിമർ‍ശനമുയ‍ര്‍ത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ല. കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വർഷത്തിൽ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തിൽ കേരളത്തിൽ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. സംസ്ഥാനങ്ങൾക്ക് വീതിച്ച് നൽകുന്ന നികുതി വിഹിതം കുറഞ്ഞു വരുന്നു. കേരളത്തിന് ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നു. 57400 കോടി രൂപ കുറച്ച സ‍ര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നത്.

ജി എസ് ടി വന്നതോടെ നികുതി അധികാരം ചുരുങ്ങി. വലിയ തോതിൽ നികുതി വിഹിതം കുറഞ്ഞു. 2018 മുതൽ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉള്ള വിവിധ തുകകൾ ആണ് മുടങ്ങിയത്. യുജിസി ഗ്രാൻഡ് ഇനത്തിൽ സംസ്ഥാനം കൊടുത്ത് തീർത്ത തുകയാണ് കേന്ദ്രം വൈകി തന്നത്. വിമര്‍ശനം രൂക്ഷമായതോടെയാണ് പണം തന്നത്. സമയാസമയങ്ങളിൽ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനം ആണ് കേന്ദ്രം എടുക്കുന്നത്. ഇക്കാര്യങ്ങളിൽ കേന്ദ്ര ധനമന്ത്രി ഒരു വിശദീകരണവും നൽകുന്നില്ല. പറയുന്ന കാര്യങ്ങളിൽ ആകട്ടെ ഒരു വ്യക്തതയുമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണം നടക്കുന്നുവെന്നും വിധവ-വാർദ്ധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ലെന്ന പ്രചരണമടക്കം തെറ്റാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം നിർമല സീതാരാമൻ തലസ്ഥാനത്ത് പറഞ്ഞത്. കേന്ദ്രവിഹിതം സംബന്ധിച്ച് കേരളത്തിൽ നടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്നും ഒക്ടോബർ വരെയുള്ള സംസ്ഥാനത്തിന്റെ അപേക്ഷകളിലെല്ലാം കൃത്യമായ തുക അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ വാദം. ”എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിനു ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതം കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശങ്ങൾ പൂർത്തീകരിച്ചവർക്ക് കൃത്യമായ ഗ്രാൻഡ് അനുവദിച്ചിട്ടുണ്ട്.