Kerala

‘നവകേരള ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മഹാത്ഭുതമായി മാറും’; യുഡിഎഫ് നേതാക്കൾ ആശങ്ക കൂടി ആശുപത്രിയിലെന്ന് എകെ ബാലൻ

Spread the love

നവകേരള ജാഥ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും മഹാത്ഭുതമായി മാറുമെന്ന് സിപിഐഎം നേതാവ് എകെ ബാലൻ. യുഡിഎഫിലെ പല നേതാക്കളും ഇപ്പോൾ ആശുപത്രിയിൽ ആണ്. അവർക്ക് ആശങ്ക കൂടിക്കൂടി വരികയാണ്. ഒരു ലീഗ് നേതാവ് പരിപടിയിൽ പങ്കെടുത്തു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരത്തിൽ ഒരു തള്ളിച്ച ഉണ്ടായിട്ടില്ല. ക്യാബിനറ്റ് ബസിന് വലിയ പ്രചാരണം മാധ്യമങ്ങൾ നൽകി. ബസിനെ കുറിച്ച് താൻ പറഞ്ഞതിന് കുറേ പരിഹാസം തൊടുത്തുവിട്ടു. ആ ബസ് പരിപാടി കഴിഞ്ഞാലും സ്വീകരിക്കപ്പെടും എന്ന കാര്യത്തിൽ തർക്കമില്ല. കുറച്ച് കഴിഞ്ഞാലാണ് ഇതിന്റെ വില ആളുകൾക്ക് മനസിലാവുക. സാധാരണ നിലയിലുള്ള ഒരു ടൂറിസ്റ്റ് ബസിന്റെ സൗകര്യം പോലും ആ ബസിനില്ല

നവകേരള യാത്ര പാലക്കാട്‌ എത്തുമ്പോൾ യുഡിഎഫിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. യുഡിഎഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് 50000 രൂപ തന്നു. കോൺഗ്രസ്‌ നേതാവ് എവി ഗോപിനാഥ് അടക്കം പ്രമുഖർ പങ്കെടുക്കും.

ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചില്ല. അവർ വരാൻ താൽപ്പര്യപ്പെടുന്നില്ല, തങ്ങൾ വിളിച്ചിട്ടുമില്ല. പക്ഷേ, കോൺഗ്രസ്സിനൊപ്പം അധികനാൾ നിൽക്കാൻ ലീഗിന് പറ്റില്ല. കൂടുതൽ നേതാക്കൾ വരും നാൾ എൽഡിഎഫിനൊപ്പം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസ് അശ്ലീല നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു. ജനങ്ങളോട് സർക്കാർ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസെന്നും വി.ഡി സതീശൻ വിമർശിച്ചു.

ജനങ്ങളെ വഞ്ചിക്കുകയും കബളിക്കുകയും ചെയ്യുന്ന സർക്കാർ അത് മറക്കാനാണ് പരിപാടിയിലൂടെ ശ്രമിക്കുന്നത്. കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ കഞ്ഞി വിതരണം ചെയ്യുന്നതിന്റെ പണം പോലും വിതരണം ചെയ്യാത്ത സർക്കാറാണ് കെട്ടുകാഴ്ചകളുമായി മുന്നോട്ട് പോകുന്നത്.

യു.ഡി.എഫിലെ ഒരാളും നവകേരള സദസിനോട് അനുഭാവം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒന്നര കോടിയുടെ ബസ് നിയവിരുദ്ധമായി ഓടുകയാണ്. രാജഭരണമാണ് കേരളത്തിൽ നടക്കുന്നത്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ-മുഖ്യമന്ത്രി തർക്കമെന്ന നാടകം എപ്പോഴും വരും.