Sports

കോഹ്ലിയുടെ റെക്കോർഡ് സെഞ്ച്വറി(117), ശ്രേയസിന്റെ മാസ്(105); ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

Spread the love

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 50 ഓവറിൽ 397 റൺസ് നേടി. വിരാട് കോഹ്ലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിലാണ് ഇന്ത്യയുടെ കൂറ്റൻ സ്കോർ. ഇന്ത്യയുെട ബാറ്റിങ് കരുത്തിനു മുന്നിൽ കിവീസ് ബോളിങ് നിരയ്ക്ക് താളം തെറ്റി. ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോഹ്ലി ഇന്ന് ക്രീസ് വിട്ടത്.

113 പന്തിൽ 117 റൺസ് നേടിയ കോഹ്ലി ടിം സൗത്തിയുടെ പന്തിൽ ഡെവോൺ കോൺവേയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 2 സിക്സും 9 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 71 റൺസാണ് അടിച്ചുകൂട്ടിയത്. 29 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച് രോഹിത് 47 റൺസടിച്ച് പുറത്താവുകയായിരുന്നു.

സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന ശുഭ്മൻ ഗിൽ കടുത്ത പേശീവലിവിനേത്തുടർന്ന് 23–ാം ഓവറിൽ ക്രീസ് വിട്ടിരുന്നു. 65 പന്തിൽ 79 റൺസെടുത്തു നിൽക്കേ പേശീവലിവിനേത്തുടർന്ന് ഗില്ലിന് ക്രീസ് വിടേണ്ടിവന്നത്. എന്നാൽ അവസാന ഓവറുകളിൽ തിരികെയെത്തിയ താരം ഒരു റൺസ് കൂടി എടുത്ത് അക്കൗണ്ടിൽ 80 റൺസ് ചേർത്തു.

സൂര്യ കുമാർ(1) നിരാശനാക്കിയപ്പോൾ കെഎൽ രാഹുൽ ഇന്ത്യയുടെ സ്കോർ ബോർഡിന് വേ​ഗം കൂട്ടി. 20 പന്തുകളിൽ നിന്ന് അഞ്ചു ഫോറും രണ്ടും സിക്സറും അടക്കം 39 റൺസാണ് രാഹുൽ അടിച്ചെടുത്തത്. ന്യൂസിലൻഡിനായി ടിം സൗത്തി മൂന്നു വിക്കറ്റും ട്രെൻഡ് ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി.

ടീം ഇന്ത്യ: രോഹിത് ശർമ്മ , ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ടീം ന്യൂസിലൻഡ്: ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ.