Kerala

ആദ്യം ഒറ്റ വോട്ടിൽ കെഎസ്‌യു ജയിച്ചു; റീകൗണ്ടിൽ 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ ജയിച്ചു; കേരളവർമ്മയിൽ നാടകീയം

Spread the love

തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ ചെയർമാൻ സ്ഥാനത്ത് എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐയുടെ അനിരുദ്ധനാണ് വിജയിച്ചത്. കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയായിരുന്നു ജയം. നേരത്തെ ശ്രീക്കുട്ടൻ ഒരു വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിംഗിലാണ് എസ്എഫ്ഐ വിജയിച്ചത്.

എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് ആരംഭിച്ചെങ്കിലും കെഎസ്‌യു എതിർപ്പറിയിച്ചു. ഇടതുപക്ഷ സംഘടന അധ്യാപകർ ഇടപെട്ട് റീകൗണ്ടിംഗ് അസാധുവാക്കി എന്ന് കെഎസ്‌യു ആരോപിച്ചു. പരാതിയെ തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് റീകൗണ്ടിംഗ് നിർത്തിവെപ്പിച്ചു. ഉന്നതരുടെ സാന്നിധ്യത്തിൽ മാത്രം റീകൗണ്ടിംഗ് നടത്തിയാൽ മതിയെന്ന് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ നിലപാടെടുത്തു. കെഎസ്‌യു പ്രവർത്തകർക്ക് പിന്തുണയുമായി ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവർ കോളേജിന് പുറത്തെത്തുകയും ചെയ്തു. എന്നാൽ, പ്രിൻസിപ്പളിന്റെ എതിർപ്പ് അവഗണിച്ച് റിട്ടേണിംഗ് ഓഫീസറിൻ്റെ നേതൃത്വത്തിൽ ഏറെ വൈകാതെ വോട്ടെണ്ണൽ പുനരാരംഭിച്ചു. ഇതോടെ എസ്എഫ്ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു റീകൗണ്ടിംഗ് ബഹിഷ്കരിച്ചു. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിൽ നിന്ന് മടങ്ങുകയും ചെയ്തു.

അതേസമയം, കെഎസ്‌യു സ്ഥാനാർഥി ചെയർമാൻ സ്ഥാനത്ത് വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി ഹസൻ മുബാറക്ക് അറിയിച്ചിരുന്നു. ശ്രീക്കുട്ടൻ വിജയിച്ചു എന്നത് തെറ്റായ പ്രചരണമാണ്. ഇരു സ്ഥാനാർത്ഥികളും 895 വോട്ടുകൾ നേടിയപ്പോൾ എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. ഇടതുപക്ഷ അധ്യാപകരും കോൺഗ്രസ് അധ്യാപകരും ഒന്നിച്ചു നിന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അവിടെ അട്ടിമറിക്ക് ശ്രമിച്ചു എന്നത് കെഎസ്‌യുവിന്റെ കുപ്രചരണം മാത്രം എന്നും എസ്എഫ്ഐ പറഞ്ഞു.