പൊരുതി വീണ് കിവീസ്; ഓസ്ട്രേലിയയുടെ വിജയം അഞ്ചു റണ്‍സിന്
ഐസിസി ലോകകപ്പില്‍ ഓസ്ട്രേലിയയോട് പൊരുതിത്തോറ്റ് ന്യൂസിലന്‍ഡ്. 388 റണ്‍സ് എന്ന വിജയലക്ഷ്യം അഞ്ചു റണ്‍സകലെ ന്യൂസിലന്‍ഡ് വീഴുകയായിയരുന്നു. 383 റണ്‍സില്‍ കിവീസിന്റെ പോരാട്ടം അവസാനിച്ചു. രചിന് രവീന്ദ്രയുടെ സെഞ്ചുറിക്കരുത്തിലായിരുന്നു ന്യൂസിലന്‍ഡിന്റെ മിന്നും പ്രകടനം. അവസാന ഓവറില്‍ ജയത്തിലേക്ക് 19 റണ്‍സ് വേണ്ടിയിരുന്ന കിവീസിനായി ജെയിംസ് നീഷാം പൊരുതി നോക്കിയെങ്കിലും അഞ്ചാം പന്തില്‍ താരം റണ്ണൗട്ടായതോടെ അവരുടെ പ്രതീക്ഷ അവസാനിക്കുകയായിരുന്നു.
89 പന്തില്‍ നിന്ന് അഞ്ച് സിക്സും ഒമ്പത് ഫോറുമടക്കം 116 റണ്‍സെടുത്ത രവീന്ദ്രയാണ് കിവീസിന്റെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ നീഷാം 39 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 58 റണ്‍സെടുത്തു. ഓസീസിനായി സാംപ മൂന്നു വിക്കറ്റെടുത്തു.
388 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കുള്ള കിവീസിന്റെ മിന്നും പ്രകടനം അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്നു. ഓപ്പണിങ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയും വില്‍ യങ്ങും ചേര്‍ന്ന് 61 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റില്‍ രചിന് രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്നതോടെ കിവീസ് സ്കോര്‍ ബോര്‍ഡ് കുതിച്ചു. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ടോം ലാഥത്തെ കൂട്ടുപിടിച്ച് രവീന്ദ്ര സ്കോര്‍ 200 കടത്തി. 41ാം ഓവറില്‍ രവീന്ദ്രയെ മടക്കി പാറ്റ് കമ്മിന്‍സ് ഓസീസിന് ബ്രേക്ക് ത്രൂ നല്കി.
മിച്ചല്‍ സാന്റ്നര്‍ (17), മാറ്റ് ഹെന്റി (9), ബോള്‍ട്ട് (10*) എന്നിവരെ കൂട്ടുപിടിച്ച് നീഷാം പൊരുതിയെങ്കിലും വിജയത്തിനരികെ വീഴുകയായിരുന്നു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഓസീസ് 49.2 ഓവറില്‍ 388-ന് ഓള്‍ഔട്ടായി. തകര്‍പ്പന്‍ തുടക്കമാണ് ഡേവിഡ് വാര്‍ണര്‍ – ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം ഓസീസിന് സമ്മാനിച്ചത്. 65 പന്തില്‍ നിന്ന് ആറ് സിക്സിന്റെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെ 81 റണ്‍സെടുത്താണ് വാര്‍ണര്‍ പുറത്തായത്.
14 പന്തില്‍ നാല് സിക്സിന്റെയും രണ്ട് ബൗണ്ടറികളുടെയും അകമ്പടിയോടെ 37 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിന്റെ വെടിക്കെട്ടാണ് സ്കോര്‍ 388-ല്‍ എത്തിച്ചത്. ന്യൂസീലന്‍ഡിനായി ട്രെന്റ് ബോള്‍ട്ട്, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സാന്റ്നര്‍ രണ്ട് വിക്കറ്റെടുത്തു.