Kerala

റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് പൊലീസിൽ ഇടമില്ല; നിയമനങ്ങൾ നടക്കുന്നില്ലെന്ന് പരാതി

Spread the love

സംസ്ഥാന പൊലീസിൽ ആവശ്യത്തിന് നിയമനങ്ങൾ നടക്കുന്നില്ലെന്ന് പരാതി. വിശ്രമമില്ലാത്ത ജോലിഭാരം മൂലം സേനയിൽ ആത്മഹത്യ പ്രവണത വർദ്ധിക്കുമ്പോഴാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് പോലും പൊലീസിൽ ഇടമില്ലാത്തത്. ആവശ്യത്തിന് അംഗബലമില്ലാഞ്ഞിട്ടും നിയമനം നടത്താത്തത് എന്താണെന്നാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച 14,000ത്തിലധികം ഉദ്യോഗാർത്ഥികളുടെ ചോദ്യം.

ക്രമസമാധാന പാലനം, ഹൈവേ പെട്രോളിംഗ് കേസന്വേഷണം, വി.ഐ.പി ഡ്യൂട്ടി കൂടാതെ ജനമൈത്രി പൊലീസും കുട്ടി പോലീസും തുടങ്ങിയ പദ്ധതികളും ഉണ്ടായിട്ടും പൊലീസ് സേനയിൽ അതിനൊത്ത അംഗബലമില്ലെന്നതാണ് വസ്തുത. നിലവിൽ 12 മുതൽ 18 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യുകയും വേണം. സേനയ്ക്കുള്ളിലെ പരാതികൾ പലതും പരിഹരിക്കാൻ മുന്നിലുള്ള ഏക പരിഹാരമാർ​ഗം അംഗബലം വർധിപ്പിക്കുക എന്നത് മാത്രമാണ്. എന്നാൽ നിയമനങ്ങൾ നടക്കുന്നില്ലെന്നാണ് ഉദ്യോ​ഗാർഥികളുടെ പരാതി.

അതേസമയം പി. എസ്. സി യുടെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 1395 പേർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ കാലാവധി അവസാനിക്കാൻ ആറു മാസം മാത്രം ശേഷിക്കേ നിയമനം നൽകിയിരിക്കുന്നത് വെറും 3019 പേർക്ക് മാത്രമാണ്.

ജോലിഭാരം മൂലം സംസ്ഥാനത്ത് ഈ മാസം മാത്രം ആത്മഹത്യ ചെയ്ത പൊലീസുകാർ 3 പേരാണ്. 9 വർഷത്തിനിടയിൽ 78 ഓളം പൊലീസുകാർ ജീവനൊടുക്കി. ഭൂരിഭാഗം ആത്മഹത്യയുടെയും പിന്നിലെ കാരണം ജോലിഭാരം. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക്, അത് പരിഹരിക്കാൻ അംഗബലം വർദ്ധിപ്പിക്കണമെന്ന് ശുപാർശ മുന്നോട്ട് വച്ചതാണ്. എന്നാൽ ശുപാർശ കടലാസിൽ മാത്രം ഒതുങ്ങി.

പൊലീസുകാരുടെ ആത്മഹത്യ പ്രവണതയ്ക്ക് പിന്നിലെ കാരണം ജോലിഭാരം ആണെന്ന് രണ്ട് ഐജിമാർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയത് രണ്ടുവർഷം മുൻപായിരുന്നു. ഇത് പരിഹരിക്കാൻ നിയമനങ്ങൾ കൃത്യമായി നടക്കുകയും അം​ഗബലം വർധിപ്പിക്കുകയുമാണ് വേണ്ടത്. എന്നാൽ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതിനാലാണ് നിയമനങ്ങൾ യഥാവിധി നടത്താൻ സാധിക്കാത്തതെന്നാണ് സർക്കാർ നൽകുന്ന അനൗദ്യോഗികമായ വിശദീകരണം.