Friday, May 17, 2024
Latest:
World

ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

Spread the love

ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ മുപ്പതോളം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെ 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് അല്‍ജസീറയോട് പറഞ്ഞു.

ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നാണ് ജബലിയയിലേത്. ഞായറാഴ്ച വൈകുന്നേരമാണ് ക്യാമ്പിന് നേരെ ആക്രമണമുണ്ടായത്. 27പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവശ്യമരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ക്ഷാമം രൂക്ഷമായി നേരിടുന്നുണ്ടെന്ന് നോര്‍ത്ത് ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ പറഞ്ഞു.

ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ബോംബാക്രമണം തുടരുകയാണ്. ഗാസയില്‍ മരിച്ചവരുടെ എണ്ണം 4,651 ആയും പരുക്കേറ്റവരുടെ എണ്ണം 14,245 ആയും ഉയര്‍ന്നതിനിടെയാണ് അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുള്ള ആക്രമണം.

അതേസമയം ഗാസയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 24മണിക്കൂറിനിടെ 400 പാലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് പാലസ്തീന്‍ അറിയിച്ചു. ഗാസയിലെ രണ്ട് ആശുപത്രികള്‍ക്ക് സമീപവും ആക്രമണം ഉണ്ടായി. അല്‍ഷിഫ, അല്‍ഖുദ്സ് ആശുപത്രികള്‍ക്ക് സമീപമാണ് ആക്രമണം.