National

അനധികൃത കൊടിമരം നീക്കാനെത്തിയ ബുൾഡോസർ അടിച്ചുതകർത്തു, ബിജെപി നേതാവ് അറസ്റ്റിൽ

Spread the love

ചെന്നൈ: അനധികൃതമായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാൻ കൊണ്ടുവന്ന ബുൾഡോസർ നശിപ്പിച്ച സംഭവത്തിൽ തമിഴ്‌നാട് ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ മൂന്ന് വരെ അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ ചെന്നൈയിലെ വസതിക്ക് പുറത്ത് സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാൻ അധികൃതർ കൊണ്ടുവന്ന ജെസിബിയാണ് അമർ പ്രസാദിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അടിച്ചുതകർത്തത്. വെള്ളിയാഴ്ച വൈകുന്നേരം അണ്ണാമലൈയുടെ വീടിന്റെ മതിലിന് പുറത്ത് 45 അടി ഉയരുമുള്ള കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പ് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് താമ്പ്രം പൊലീസ് പറഞ്ഞു.

ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള കൊടിമരം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും നീക്കം ചെയ്യണണെന്നും കോർപ്പറേഷനും പൊലീസും തീരുമാനിക്കുകയായിരുന്നു. കൊടിമാരം നീക്കാൻ ജെസിബിയുമായി എത്തിയപ്പോൾ അമർ പ്രസാദ് റെഡ്ഡിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയും ജെസിബി അടിച്ചുതകർക്കുകയും ചെയ്തു. 110 ഓളം ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതായി പൊലീസ് അറിയിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ സർക്കാർ ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായെന്നും അക്രമാസക്താരായെന്നും പൊലീസ് പറഞ്ഞു.

തുടർന്ന്, ചിലരെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടു. അറസ്റ്റിനെ ബിജെപി നേതാവ് കപിൽ മിശ്ര അപലപിച്ചു. ജനാധിപത്യത്തിൽ വിയോജിപ്പ് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. റെഡ്ഡിയുടെ അറസ്റ്റിന് പുറമെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെയെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.