‘പ്രശ്നങ്ങൾക്കു പരിഹാരം കണ്ടു, ബാക്കി പിന്നാലെ പാക്കലാം’; കൈ പിടിച്ചും പൊട്ടിച്ചിരിച്ചും എംഎം മണിയും കെ കെ ശിവരാമനും
പരസ്പരമുള്ള കടുത്ത വിമർശനങ്ങൾക്ക് ശേഷം കെ കെ ശിവരാമനും എംഎം മണിയും ഒരേ വേദിയിൽ. ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച വിഷയത്തിന്മേൽ കെ.കെ. ശിവരാമനും എംഎം മണിയും പോരു നടന്നതിനു പിന്നാലെയാണു ഇരുവരും ആദ്യമായി ഒരു വേദി പങ്കിട്ടത്. സിപിഎം നിലപാടിനെ തള്ളി കെ.കെ.ശിവരാമൻ പോസ്റ്റിട്ടിരുന്നു. ഇതിൽ എം.എം.മണി വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലാണ് ഇരുവരും ഒരേ വേദിയിലെത്തിയത്. ചെറുതോണിയിലെ പരിപാടിക്കുശേഷം മണിയും ശിവരാമനും കൈപിടിച്ചായിരുന്നു വേദിയിൽനിന്നിറങ്ങിയത്. ഞങ്ങൾ തമ്മിൽ നേരത്തെയും തർക്കമൊന്നുമില്ല. പ്രശ്നങ്ങൾക്കു പരിഹാരം കണ്ടു. ബാക്കി പിന്നാലെ പാക്കലാം എന്നായിരുന്നു മണിയുടെ പ്രതികരണം. മണയാശാൻ പറഞ്ഞതു തന്നെയാ പറയാൻ ഉള്ളൂവെന്നും കൂടുതലൊന്നും പറയാൻ ഇല്ലെന്നും കെ.കെ. ശിവരാമൻ പറഞ്ഞു.