National

‘തരംതാഴ്ന്ന പ്രവർത്തി’; പാക് താരത്തിനെതിരെ ‘ജയ് ശ്രീറാം’ വിളിച്ച സംഭവത്തിൽ ഉദയനിധി സ്റ്റാലിൻ

Spread the love

ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണികൾ പാക് താരത്തിനെതിരെ ‘ജയ് ശ്രീറാം’ വിളിച്ച സംഭവത്തെ വിമർശിച്ച് തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. വിദ്വേഷം പടർത്താനുള്ള ഒരു ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണ്. ലോകകപ് വേദിയിൽ ഉണ്ടായത് തരംതാഴ്ന്ന പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യ സ്പോർട്സ്മാൻഷിപ്പിനും ആതിഥ്യമര്യാദയ്ക്കും പ്രശസ്തമാണ്. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് താരങ്ങളോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും തരംതാഴ്ന്നതുമാണ്. സ്‌പോർട്‌സ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകരണ ശക്തിയായിരിക്കണം, യഥാർത്ഥ സാഹോദര്യം വളർത്തിയെടുക്കണം. വിദ്വേഷം പടർത്താനുള്ള ഒരു ഉപകരണമായി ഇതിനെ ഉപയോഗിക്കുന്നത് അപലപനീയമാണ്”- ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

മുഹമ്മദ് റിസ്‌വാൻ ഔട്ടായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്ന് പാക് താരത്തിനുനേരെ ‘ജയ് ശ്രീറാം’ വിളികൾ ഉയർന്നത്. എന്നാൽ കാണികളോട് പ്രതികരിക്കാതെ താരം നേരെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നുപോയി. 49 റൺസെടുത്ത റിസ്‌വാനെ 34ാമത്തെ ഓവറിലെ അവസാനത്തെ പന്തിൽ ജസ്പ്രീത് ബുംറ ബൗൾഡാക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നാലെയാണ് വിമർശനവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത്.