സംസ്ഥാനത്ത് സിപിഐഎം നടത്തുന്നത് ഹമാസ് അനുകൂല പ്രകടനം, വർഗീയ വേർതിരിവിനാണ് ശ്രമം; കെ. സുരേന്ദ്രൻ
സംസ്ഥാനത്ത് സിപിഐഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്നും ഇസ്രയേൽ പലസ്തീൻ പ്രശ്നത്തെ വർഗീയ വേർതിരിവിനായി ഉപയോഗിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിന് നേതൃത്വം നൽകുന്നതും സിപിഐഎം ആണ്. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. വളരെ അപകടകരമായ നീക്കമാണ് സിപിഐഎം നടത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
തെരഞ്ഞെടുപ്പ് മുൻപുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സിപിഐഎം പയറ്റുന്നത്. വിഷയത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം.
വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കുന്ന നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിച്ചത്. വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കാൻ രണ്ട് പേർക്കും അവകാശമില്ല. പദ്ധതി യാഥാർഥ്യമായത് നരേന്ദ്ര മോദി സർക്കാരിന്റെ ഇച്ഛാ ശക്തികൊണ്ടാണ്. ഇപ്പോഴും വിഴിഞ്ഞത്ത് നിർമാണം പൂർത്തിയായിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ ഇതുവരെ പരിഹരിച്ചിട്ടില്ല.
സംസ്ഥാനത്തെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. എൻ.ഡി.എയിൽ പ്രശ്നങ്ങളില്ല. കൊച്ചിയിൽ നാളെ എൻ.ഡി.എ ഘടക കക്ഷി യോഗം ചേരും. നാളത്തെ ഘടകകക്ഷി യോഗത്തിൽ സീറ്റ് ചർച്ചയിൽ ധാരണയാകും. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റി കൈക്കൊള്ളുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.