Kerala

‘ആർക്കെങ്കിലും പദ്ധതിയിൽ അവകാശവാദം ഉന്നയിക്കാൻ കഴിയുമെങ്കിൽ അത് ഇടതുപക്ഷത്തിന്’ : എം.വി ഗോവിന്ദൻ

Spread the love

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബിജെപി അധ്യക്ഷനും പ്രതിപക്ഷ നേതാവും വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചതാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ആർക്കെങ്കിലും പദ്ധതിയിൽ അവകാശവാദം ഉന്നയിക്കാൻ കഴിയുമെങ്കിൽ അത് സിപിഐഎമ്മിനും ഇടതുപക്ഷത്തിനുമാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഇ.കെ നായനാരുടെ കാലത്താണ് പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികളുടെ അവകാശവാദം കൊഴുക്കുകയാണ്. മുഖ്യമന്ത്രി എത്ര തുള്ളിയാലും വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും യു.ഡി.എഫ് സർക്കാരിന്റേയും ഇച്ഛാശക്തിയുടെ ഫലമാണ് തുറമുഖം എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യം പേരിടുന്ന ഘട്ടത്തിൽ ആലോചിക്കേണ്ടതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കി.

അതേസമയം, തുറമുഖ ഉദ്ഘാടന ചടങ്ങിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തി.