Kerala

പലസ്തീൻ ജനതയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്, എന്നാൽ ഏതെങ്കിലും പക്ഷം ചേരേണ്ട സമയമല്ലിത്, കുരുതി അവസാനിപ്പിക്കണം; എം.വി ഗോവിന്ദൻ

Spread the love

പലസ്തീൻ ജനതയെയും നാടിനെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും എന്നാൽ ഏതെങ്കിലും പക്ഷം ചേരേണ്ട സമയമല്ല ഇതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുരുതി അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. മനുഷ്യത്വ രഹിതമായ മനുഷ്യക്കുരുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ കുത്തക താല്പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. തെറ്റ് പറ്റിയോയെന്ന് നോക്കാനാണ് മാധ്യമ പ്രവർത്തകർ സിപിഐഎം പരിപാടിക്ക് വരുന്നത്. എന്നിട്ടത് പർവതീകരിച്ച് കാണിക്കുകയാണ്. ആരോഗ്യ മന്ത്രിക്കെതിരെ നടത്തിയ കള്ള പ്രചാരണങ്ങളിൽ മാധ്യമങ്ങൾ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രയടിച്ചാൽ ഇസ്രായേലും ഒരു തീവ്രവാദ രാഷ്ട്രമാണ് എന്ന് അംഗീകരിക്കേണ്ടി വരുമെന്ന് സി.പി.ഐ.എം നേതാവ് എം.എ. ബേബി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ നരേന്ദ്ര മോദി എടുത്ത നിലപാട് അത്യന്തം ദൗർഭാഗ്യകരമാണ്. മഹാത്മാഗാന്ധിയും നെഹ്റുവും സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളുമെല്ലാം പലസ്തീനെയാണ് അംഗീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ അഭിപ്രായത്തിൽ ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്നും എം.എ. ബേബി വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിന് മുമ്പ് 40 കുഞ്ഞുങ്ങളടക്കം 248 പലസ്തീനികൾ ഇസ്രായേലിന്‍റെ ആക്രമണത്തിൽ ഈ വർഷം കൊലചെയ്യപ്പെട്ടിട്ടുണ്ട്. അതിനോടുള്ള പ്രതികരണമാണ് ഹമാസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഹമാസിന്‍റെ പല തീവ്രവാദ നിലപാടുകളോടും വിയോജിപ്പുള്ള പാർട്ടിയാണ് സി.പി.ഐ.എം. പക്ഷേ ഹമാസിനെ ഇത്തരത്തിലുള്ള ഒരു പ്രത്യാക്രമണത്തിന് നിർബന്ധിക്കുകയായിരുന്നു സയണിസ്റ്റ് നടപടികൾ. ശരാശരി ഒരു ദിവസം ഒരു പലസ്തീനിയെ സയണിസ്റ്റുകൾ കൊന്നുകൊണ്ടിരിക്കുകയാണെന്നും എം.എ. ബേബി പറഞ്ഞു.