Saturday, May 18, 2024
Latest:
World

ടെല്‍ അവീവില്‍ 150 റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹമാസ്; ഗാസയില്‍ പ്രത്യാക്രമണവുമായി ഇസ്രയേല്‍;യുദ്ധക്കളമായി പശ്ചിമേഷ്യ

Spread the love

പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നു. ഇസ്രയേലിനെതിരെ ഹമാസിന്റെ റോക്കറ്റ് ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ട്. 250 ഇസ്രേയേലി പൗരന്മാര്‍ കൊല്ലപ്പെട്ടെന്നാണ് ഒടുവില്‍ വരുന്ന വിവരം. നിരവധി ഇസ്രയേലി പൗരന്മാരെ ഹമാസ് ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ടെല്‍ അവീവില്‍ ഹമാസ് 150 റോക്കറ്റുകള്‍ വിക്ഷേപിച്ചു.

ഹമാസ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി. 1100ലേറെ പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റു. പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 230 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസ് ആക്രമണം നടത്തിയ ദിവസത്തെ കറുത്ത ദിനമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഞങ്ങള്‍ യുദ്ധത്തിലാണെന്ന് നെതന്യാഹു പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തരമായി ചേരാനിരിക്കുകയാണ്. യു എന്‍ ഉടനടി ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ കൗണ്‍സിലില്‍ വച്ച് ശക്തമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഈ മാസം സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് പദവി വഹിക്കുന്ന ബ്രസീലിയന്‍ നയതന്ത്രജ്ഞന്‍ സെര്‍ജിയോ ഫ്രാന്‍സ് ഡാനിസിനും കത്തയച്ചു.