World

ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു

Spread the love

ഹമാസ് സംഘം ആക്രമണം നടത്തിയതിന് പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രായേലിന്റെ പ്രത്യാക്രമത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. പാലസ്തീൻ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഇന്ന് രാവിലെ ഹമാസ് തൊടുത്തത്. ആക്രമണത്തിൽ 40 ലേറെ പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങളും വാഹനങ്ങളും തകരുകയുമുണ്ടായി. അക്ഷരാർത്ഥത്തിൽ ഇസ്രായേൽ നടുങ്ങിയ ആക്രമണമാണ് ഉണ്ടായത്. യന്ത്രത്തോക്കുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സംഘം തെരുവിൽ ജനങ്ങൾക്ക് നേരെയും വെടിയുതിർത്തു. സൈനികരെ അടക്കം ബന്ദികളാക്കി. അറുന്നൂറിലേറെ പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്. അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഹമാസ് തൊടുത്തത്.

ഒരു കോടി വരുന്ന ഇസ്രായേൽ ജനത ഇന്ന് രാവിലെ ഉണർന്നെണീറ്റത് നടുക്കുന്ന കാഴ്ചകളിലേക്കായായിരുന്നു. പുലർച്ചെ ആറു മണിക്ക് വെറും 20 മിനിറ്റിനുള്ളിൽ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് ഹമാസ് സായുധ സംഘം തൊടുത്തത്തത് അയ്യായിരം റോക്കറ്റുകൾ. പ്രധാന നഗരങ്ങൾ കത്തിയെരിഞ്ഞു. യന്ത്ര തോക്കുകളും ഗ്രനേഡുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം കണ്ണില്ലാത്ത ആക്രമണം നടത്തിയത്. സാധാരണക്കാരെ അടക്കം വെടിവെച്ചു വീഴ്ത്തി. സൈനികർ ഉൾപ്പെടെ നിരവധിപ്പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. സൈനിക വാഹനങ്ങൾ അടക്കം ഹമാസ് സംഘം പിടിച്ചെടുത്തു. ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിൽ എല്ലാം ജനങ്ങൾ വീടുകളിലും ബങ്കറുകളിലുമായി കഴിയുകയാണ്. പിന്നാലെ അടിയന്തിര ഉന്നത തല യോഗം ചേർന്ന ഇസ്രയേൽ സൈന്യം ഹമാസുമായി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.