National

മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗൻയാൻ ദൗത്യം; പരീക്ഷണം ആരംഭിച്ചുവെന്ന് ഐഎസ്ആർഒ

Spread the love

മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് ഒരുങ്ങുങ്ങി ഇസ്രോ. പരീക്ഷണം ആരംഭിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ആളില്ലാ പര്യവേഷണവാഹനങ്ങളുടെ വിക്ഷേപണ പരീക്ഷണം ഉടൻ നടക്കും. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ഇന്‍ഫ്‌ളൈറ്റ് അബോര്‍ട്ട് ടെസ്റ്റ് ഈ മാസം നടത്തും. അടിയന്തിര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഗഗൻയാൻ പേടകത്തിന്റെ പ്രാപ്തി പരിശോധിക്കുന്നതിനാണിത്.

തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്, വിക്ഷേപണ വാഹനത്തിന്റെ എല്ലാ ഭാഗങ്ങളെല്ലാം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയില്‍ എത്തിയിട്ടുണ്ട്. അന്തിമ കൂട്ടിച്ചേര്‍ക്കലുകള്‍ പുരോഗമിക്കുന്നുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്രൂ എസ്‌കേപ് സിസ്റ്റം.

ഇത്തരത്തില്‍ നാല് അബോര്‍ട്ട് മിഷനുകള്‍ നടത്തും. ടിവി-ഡി1 എന്ന പേരിലായിരിക്കും ആദ്യത്തേത്. പിന്നാലെ ടിഡി-ഡി2 ഈ വര്‍ഷം തന്നെ വിക്ഷേപിക്കും. 2024 ആദ്യം യാത്രികര്‍ സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്ന ഗഗന്‍യാന്‍ പേടകത്തിന്റെ ആദ്യ ഓര്‍ബിറ്റല്‍ പരീക്ഷണം നടക്കും. ഇതില്‍ സഞ്ചാരികളുണ്ടാവില്ല. പിന്നാലെയാണ് മറ്റ് രണ്ട് അബോര്‍ട്ട് ടെസ്റ്റുകള്‍ കൂടി നടത്തുക. 2024 ല്‍ തന്നെ ഗഗന്‍യാന്‍ പേടകത്തിന്റെ രണ്ടാമത്തെ ഓര്‍ബിറ്റല്‍ ടെസ്റ്റ് നടത്തും. 2024 അവസാനത്തോടെ ആദ്യമായി മൂന്ന് ഇന്ത്യന്‍ ബഹിരാകാശ യാത്രികരുമായി ഗഗന്‍യാന്‍ പേടകം വിക്ഷേപിക്കും.

യാത്രികര്‍ക്ക് നിശ്ചിത കാലത്തേക്ക് കഴിയാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പേടകം തയ്യാറാക്കിയിരിക്കുന്നത്. അവരെ സുരക്ഷിതമായി ഭൂമിയിലിറക്കാനും ഇതിന് സാധിക്കും. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് -3 (എല്‍വിഎം-3) എന്ന ഇസ്രോയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റിലാണ് ഗഗന്‍യാന്‍ പേടകം ഭ്രമണ പഥത്തില്‍ എത്തിക്കുക.

പ്രധാനമായും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള തങ്ങളുടെ ശേഷി തെളിയിക്കുകയാണ് ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഇസ്രോയുടെയും ഇന്ത്യയുടേയും ലക്ഷ്യം.