National

അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ല: അലഹബാദ് ഹൈക്കോടതി

Spread the love

ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്ന് അലഹബാദ് ഹൈക്കോടതി. അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വയ്ക്കുന്നതാണ് സാത്ത് ഫരേ. ജസ്റ്റിസ് സഞ്ജയ് കുമാർ സിം​ഗിന്റേതാണ് ഉത്തരവ്.

തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം തവണ മറ്റൊരാളുമായി വിവാഹിതയായ ഭാര്യയ്ക്കെതിരെ ആദ്യ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി. താൻ വിവാഹ സമയത്ത് എഴുതവണ അഗ്നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നും ഉള്ള യുവതിയുടെ വാദം കോടതി അംഗികരിച്ചു. ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് വിവാഹം ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ആകുന്നത് സാത്ത് ഫരേ അടക്കം എല്ലാ ആചാരങ്ങളും പൂർത്തിയായാൽ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. യുവതിയ്ക്ക് എതിരായി ആദ്യ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് നടപടികൾ കോടതി റദ്ദാക്കി.

2017 ലാണ് സ്മൃതി സിം​ഗ് എന്ന യുവതി സത്യം സിം​ഗിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങൾ തുടർന്ന് യുവതി ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപിച്ച് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. തുടർന്ന് 2021 ജനുലരി 11ന് കേസ് കോടതിയിലെത്തുകയും പുനർവിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നൽകണമെന്ന് മിർസാപൂർ കുടുംബ കോടതി ഉത്തരവിടുകയും ചെയ്തു. പിന്നാലെ 2021 സെപ്റ്റംബർ 20നാണ് യുവതി അനധികൃതമായി രണ്ടാമത് വിവാഹിതയായെന്ന് കാണിച്ച് സത്യം സിം​ഗ് യുവതിക്കെതിരെ പരാതിയുമായി കോടതിയിലെത്തുന്നത്. ഈ കേസിലാണ് നിലവിൽ വിധി വന്നിരിക്കുന്നത്.