National

‘രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയാണിത്’: ന്യൂസ് ക്ലിക്കിനെതിരെയുള്ള റെയ്ഡിൽ യെച്ചൂരി

Spread the love

ന്യൂസ് പോർട്ടലായ ‘ന്യൂസ് ക്ലിക്ക്’ ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും ഡൽഹി പൊലീസ് നടത്തിയ റെയ്ഡിനെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നടക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയാണിതെന്നും യെച്ചൂരി വിമർശിച്ചു.

അമേരിക്കന്‍ കോടീശ്വരന്‍ വഴി ചൈനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു എന്നാണ് ന്യൂസ് ക്ലിക്കിന് എതിരെയുള്ള കേസ്. ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസ് പരിശോധന നടത്തി. ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് പരിശോധന നടത്തിയത്. വീട്ടിലെ റെയ്ഡ് പാർട്ടിയുമായി ബന്ധപ്പെട്ടല്ലെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.

‘ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഇതാണ് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ. എന്റെ പേരിലുള്ള വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തി. ന്യൂസ് ക്ലിക്കിൽ ജോലി ചെയ്യുന്ന ആൾ എന്റെ ഓഫീസ് ജീവനക്കാരന്റെ മകനാണ്. ആ വ്യക്തി അവിടെയാണ് താമസിക്കുന്നത്. ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. എന്തടിസ്ഥാനത്തിലാണ് റെയ്ഡ് എന്നത് ഇപ്പോഴും വിശദീകരിച്ചിട്ടില്ല’ – യെച്ചൂരി പറഞ്ഞു.

‘ന്യൂസ് ക്ലിക്ക് ജീവനക്കാർക്കെതിരെ എന്ത് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അറിവായിട്ടില്ല. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. എന്താണ് ഭീകരവാദബന്ധമെന്നും അറിയില്ല. ടീസ്ത സെതല്‍വാദിന്റെ വസതിയിലും പരിശോധന നടന്നു. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം’- യെച്ചൂരി കൂട്ടിച്ചേർത്തു.