Kerala

‘കരുവന്നൂർ അന്വേഷണം മൊയ്തീൻ വരെ എത്തും, അതിനുമുമ്പ് അഡ്ജസ്റ്റ് മെന്റ് നടക്കും’; കെ മുരളീധരൻ

Spread the love

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ ഇഡി ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്ന് ആർക്കും പറയാനാകില്ലെന്ന് കെ മുരളീധരൻ എംപി. ഇഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. എന്നാൽ കരുവന്നൂരിന്റെ മറവിൽ എല്ലാ സഹകരണ ബാങ്കുകളെയും തകർക്കാൻ അനുവദിക്കില്ല. കോൺഗ്രസിന് അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ബാങ്കുകളിലും അന്വേഷണം നടക്കട്ടെ, ഒരു ഭയവുമില്ല. കരുവന്നൂരിലെ ഇഡി അന്വേഷണം പരമാവധി എ.സി മൊയ്‌തീൻ വരെ എത്തും. അതിനുമുമ്പ് അഡ്ജസ്റ്റ് മെന്റ് നടക്കും. കരുവന്നൂരിനെ മുതലെടുത്ത് തൃശൂർ സീറ്റ് പിടിക്കാമെന്ന് ബിജെപി കരുതേണ്ടെ. ബിജെപിക്ക് കെട്ടിവെച്ച കാശ് കിട്ടുമോയെന്ന് നോക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെ മണ്ഡല പര്യടനത്തെയും അദ്ദേഹം പരിഹസിച്ചു. ഈ രീതിയിലാണ് അഴിമതി പോകുന്നതെങ്കിൽ കെ.എസ്.ആർ.ടി.സിയിലാണോ പൊലീസ് വാഹനത്തിലാണോ പോകുന്നതെന്ന് കണ്ടറിയാം. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. മുമ്പും അവർക്കു കൊടുത്തിട്ടുണ്ട്. അതിന്റെ പേരിൽ തർക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെ മുരളീധരൻ എംപി.