National

യു പിയില്‍ അധ്യാപികയുടെ ക്രൂരത; വിദ്യാര്‍ത്ഥിയെക്കൊണ്ട് സഹപാഠിയെ തല്ലിച്ചെന്ന് പരാതി

Spread the love

ഉത്തര്‍പ്രദേശില്‍ വീണ്ടും വിദ്യാര്‍ത്ഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയെ തല്ലിച്ചെന്ന് പരാതി. മുസഫര്‍നഗറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദനമേറ്റത്. അധ്യാപികയുടെ ചോദ്യത്തിന് ഉത്തരം പറയാതിരുന്നതിനാണ് മറ്റൊരു മതത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയെ തല്ലിച്ചത്.

ഉത്തര്‍ പ്രദേശിലെ സാമ്പല്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് അധ്യാപിക അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠിയെക്കൊണ്ട് തല്ലിച്ചത്. സമാനമായ ഒരു സംഭവം യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്താകെ ചര്‍ച്ചയായതിന് ആഴ്ചകള്‍ക്ക് ശേഷമാണ് മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം.

മര്‍ദനമേറ്റ വിദ്യാര്‍ത്ഥി വലിയ വിഷാദത്തിലാകുകയും വീട്ടുകാര്‍ ചോദിച്ചപ്പോള്‍ കുട്ടി കാര്യം പറയുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് അധ്യാപികയ്‌ക്കെതിര പരാതി നല്‍കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.