National

നിജ്ജർ കൊലപാതകം: ‘കാനഡയുടെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണം’, നിലപാട് ആവര്‍ത്തിച്ച് അമേരിക്ക

Spread the love

ദില്ലി: ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവര്‍ത്തിച്ച് അമേരിക്ക. വിദേശ കാര്യമന്ത്രി എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവര്‍ത്തിക്കുന്നത്. അതേസമയം, വിഷയത്തല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതിനിടെ ദില്ലിയില്‍ ഖാലിസ്ഥാനി ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു.

കാനഡ വിഷയം കത്തി നില്‍ക്കുന്നതിനിടെ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12 മണിക്കാണ് ജയശങ്കര്‍ ആന്‍റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടക്കുന്നത്. യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇരു നേതാക്കളും കണ്ടെങ്കിലും ഇന്ത്യ കാനഡ നയതന്ത്ര വിഷയം ചര്‍ച്ചയായില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഒരുവേള ആന്‍റണി ബ്ലിങ്കന്‍ തന്നെ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇന്നത്തെ കൂടിക്കാഴ്ച നിര്‍ണ്ണായകമാണ്. കൂടിക്കാഴ്ചയുടെ വിഷയം വ്യക്തമാക്കാനാവില്ലെന്നറിയിച്ച യുഎസ് വക്താവ് മാത്യു മില്ലര്‍, കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന നിലപാട് നേരത്തെ മുമ്പോട്ട് വച്ചിരുന്നതാണെന്ന് പറഞ്ഞു. എന്നാല്‍ ഒരു തെളിവും കൈമാറാന്‍ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായാല്‍ ഈ നിലപാട് വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചേക്കും.