ജോ ജോസഫിന് അപര ഭീഷണി; കരപിടിക്കാന്‍ മത്സരിക്കുന്നത് 19 സ്ഥാനാര്‍ത്ഥികള്‍
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 19 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാളെയാണ് സൂക്ഷ്മ പരിശോധന നടക്കുക.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന് അപര ഭീഷണിയുണ്ട്. ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫ് തൃക്കാക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനവും തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് മത്സരിക്കുന്നത്. എ എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. മുന്‍പ് ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി കെ വി തോമസ് പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങുന്നതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്ന് കെ വി തോമസ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയോടൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തൃക്കാക്കരയെ മാത്രമല്ല കേരളത്തെയൊന്നാകെയാണ് താന്‍ കാണുന്നത്. കേരളത്തില്‍ വികസന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് തന്റെ നിലപാടെന്നും കെ വി തോമസ് പറഞ്ഞിരുന്നു.