National

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണം; ഭിന്നവിധിയുമായി ഡല്‍ഹി ഹൈക്കോടതി

Spread the love

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യത്തില്‍ ഭിന്നവിധിയുമായി ഡല്‍ഹി ഹൈക്കോടതി. ഹര്‍ജികള്‍ ഹൈക്കോടതി സുപ്രിംകോടതിക്ക് വിട്ടു. വൈവാഹിക ബലാത്സംഗക്കുറ്റത്തില്‍ നിന്ന് ഭര്‍ത്താവിനെ ഒഴിവാക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്‌ധേര്‍ ചൂണ്ടിക്കാട്ടി.

വൈവാഹിക ബലാത്സംഗം വ്യവസ്ഥ, തുല്യത അടക്കം അവകാശങ്ങള്‍ നിഷേധിക്കുന്നതല്ല എന്ന് ജസ്റ്റിസ് സി. ഹരിശങ്കര്‍ വ്യക്തമാക്കി. ഭിന്നതയെ തുടര്‍ന്ന് വിഷയത്തില്‍ സുപ്രിംകോടതി തീര്‍പ്പ് കല്‍പ്പിക്കട്ടെയെന്ന് ഇരു ജഡ്ജിമാരും വിധിച്ചു. സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കി.

പതിനഞ്ച് വയസില്‍ താഴെയല്ലാത്ത ഭാര്യയുമായി സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന വ്യവസ്ഥയെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പ് 375നോട് അനുബന്ധമായാണ് ഒഴിവാക്കല്‍ വ്യവസ്ഥയുള്ളത്. ക്രിമിനല്‍ കുറ്റമാക്കിയാല്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചിരുന്നു.

വൈവാഹിക ബലാത്സംഗത്തിലെ ഇരയുടെ അടക്കം ഹര്‍ജികളാണ് ഡല്‍ഹി ഹൈക്കോടതിക്ക് മുന്നിലെത്തിയത്. എതിര്‍പ്പുമായി പുരുഷന്മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.