Kerala

പോസ്റ്റ്മോർട്ടം കഴിഞ്ഞു; വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മ‍ൃതദേഹം ഖബറടക്കി

Spread the love

ദു​രൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഫോറൻസിക് മേധാവി ഡോ. ലിസയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. മാർച്ച് ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിടെ പോസ്റ്റ്മോർട്ടം നടത്തിയെന്ന് ബന്ധുക്കളെ തെറ്റിധരിപ്പിച്ചാണ് മൃതദേഹം നാട്ടിലെത്തിച്ച് അടക്കം ചെയ്തത്. റിഫയ്ക്ക് നീതി ലഭിക്കാൻ വൈകരുതെന്നാണ് മാതാപിതാക്കളുടെ അപേക്ഷ. റിഫയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തങ്ങളുടെ മുന്നിൽവെച്ച് മകളെ ഭർത്താവ് മർദ്ദിച്ചിട്ടുണ്ടെന്നും അവർ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു.

റിഫയുടെ മുഴുവൻ വസ്ത്രങ്ങളും ഫോണും മെഹ്നാസ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. റിഫയുടെ മരണശേഷം കുഞ്ഞിനെക്കുറിച്ച് മെഹ്നാസ് അന്വേഷിച്ചിട്ടേയില്ല. വനിതാ കമ്മിഷന്റെ നിർദേശത്തെ തുടർന്ന് പൊലീസ് മികച്ച അന്വേഷണമാണ് നടത്തിയതെന്നും മാതാപിതാക്കൾ പറഞ്ഞു. പൊലീസ് ദുബായിൽ പോയി അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

റിഫ മെഹ്നുവും ഭര്‍ത്താവ് മെഹ്നാസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ദുബായില്‍ വച്ച് റിഫയും മെഹ്നാസും വഴക്കിടുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. റിഫ ജോലി ചെയ്യുന്ന കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മെഹ്നാസുമായി സംസാരിച്ച ശേഷം റിഫ കരഞ്ഞ് കടയിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഇരുവരും തമ്മില്‍ പരസ്യമായി വാക്കുതര്‍ക്കമുണ്ടായതായി പുറത്തുവരുന്ന ദൃശ്യങ്ങള്‍ സൂചന നല്‍കുന്നുണ്ട്.