നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരും’; വെടിക്കെട്ടും പൂരവും കാണാൻ കൂടുതൽ സൗകര്യമൊരുക്കും; മന്ത്രി കെ രാധാകൃഷ്ണൻ
വെടിക്കെട്ടും പൂരവും കാണാൻ പരമാവധിപേർക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഇത്തവണ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പെസോ നിയന്ത്രണങ്ങൾ പാലിച്ചാണ് വെടിക്കെട്ട് നടക്കുകയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കാലാനുസൃതമായ മാറ്റം വെടിക്കെട്ടിന്റെ നടത്തിപ്പിലുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രമുണ്ടാകും.
പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം രാവിലെ തുടങ്ങും. പൂരത്തിൽ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദർശനത്തിനുണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദർശനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. പാറമേക്കാവിന്റെ ചമയപ്രദർശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
എന്നാൽ സ്വരാജ് റൗണ്ടില്‍നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് എക്സ്പ്ലോസിവ് കേരള മേധാവി ഡോ.പി.കെ.റാണ വ്യക്തമാക്കി. ഇളവ് അനുവദിക്കാനാകില്ലെന്നും 100 മീറ്റര്‍ അകലം പാലിക്കണമെന്ന സുപ്രിംകോടതി നിയമം അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.