വിമര്‍ശകരുടെ വായടപ്പിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു; കെജ്‌രിവാളിനെതിരെ വീണ്ടും ബഗ്ഗ
അരവിന്ദ് കെജ്രിവാളിനെതിരായ ട്വീറ്റിന്റെ പേരില്‍ തനിക്കെതിരായി നടപടിയെടുത്ത കേസില്‍ കെജ്‌രിവാളിനെതിരെ തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ. വിമര്‍ശകരുടെ വായടപ്പിക്കാന്‍ കെജ്‌രിവാള്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന് ബഗ്ഗ ആരോപിച്ചു. എത്ര കേസുകളെടുത്താലും ബിജെപിയെ ഭയപ്പെടുത്താന്‍ ആംആദ്മിക്ക് കഴിയില്ല. ആംആദ്മിക്കെതിരായ പോരാട്ടത്തില്‍ ബിജെപി നേതാക്കള്‍ തനിക്കൊപ്പമുണ്ട്. ബഗ്ഗ പറഞ്ഞു.
കെജ്രിവാള്‍ ഞങ്ങളെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് എനിക്കെതിരെ കേസെടുക്കാന്‍ പഞ്ചാബ് പൊലീസിനെ അയച്ചത്. എനിക്കോ ബിജെപിക്കോ അരവിന്ദ് കെജ്രിവാളിനെ ഭയമില്ല. അവര്‍ക്ക് പേടിയുണ്ടെന്നതിന്റെ തെളിവാണ് ഈ അറസ്റ്റും നടപടികളും. ദിവസവും മൂന്നും നാലും പ്രസ് മീറ്റുകള്‍ ഞങ്ങള്‍ക്കെതിരായി നടത്തി അവര്‍ തളര്‍ന്നുപോയിരിക്കുന്നെന്നും ബഗ്ഗ പരിഹസിച്ചു.
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ട്വീറ്റിന്റെ പേരില്‍ വന്ന കേസിലാണ് പഞ്ചാബ് പൊലീസ് ബഗ്ഗയ്‌ക്കെതിരെ നടപടിയെടുത്തത്. അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും ജാമ്യമില്ലാ വാറണ്ടില്‍ നിന്നും കോടതി ബഗ്ഗയ്ക്ക് ഇളവുനല്‍കി.
അറസ്റ്റിന് മെയ് 10 വരെ സ്റ്റേയുണ്ട്. ബഗ്ഗയുടെ ഹര്‍ജിയില്‍ ഇന്നലെ അര്‍ധരാത്രിയാണ് കോടതി സിറ്റിംഗ് നടത്തിയത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജി അനൂപ് ചിത്കാരയുടെ വസതിയിലാണ് രാത്രി സിറ്റിംഗ് നടത്തിയത്.