Wednesday, November 27, 2024
Latest:
National

മോദിയെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്ന പാർട്ടി സർക്കാരിൽ വേണമോ എന്ന് സിപിഎം തീരുമാനിക്കണം; കെസി വേണുഗോപാൽ

Spread the love

ദില്ലി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്ന പാർട്ടിയുടെ കേരളഘടകം സർക്കാരിൽ വേണമോ എന്ന് സിപിഎം തീരുമാനിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ദേശീയ നേതൃത്വവുമായി ജെഡിഎസിന്റെ കേരള ഘടകത്തിന് ഭിന്നത ഉണ്ടെങ്കിൽ അത് വാക്കാൻ പറഞ്ഞാൽ പോരെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുകയാണ് വേണ്ടതെന്നും കെസി വേണുഗോപാൽ കൂട്ടിചേർത്തു. വിഷയത്തെ ലാഘവത്തോടെയാണ് സിപിഎം എടുത്തിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ന്യായീകരണം കണ്ട് ചിരിച്ച് പോയെന്നും കെസി വേണുഗോപാൽ പരിഹസിച്ചു.

കുമാരസ്വാമി പറഞ്ഞ മുഖ്യമന്ത്രിയുടെ മഹാമനസ്കത എന്താണെന്ന് കെസി വേണുഗോപാൽ ചോദിച്ചു. വ്യത്യസ്ത നിലപാടുള്ള ഇബ്രാഹിമിനെ പുറത്താക്കിയിട്ടും കേരള ഘടകത്തെ കുമാരസ്വാമി പുറത്താക്കിയിട്ടില്ല. സിപിഎമ്മിന് ഭയമാണെന്നും സിപിഎമ്മിന് എന്തുപറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് പറയണമെന്നും സിപിഎം പറയുന്ന ബിജെപി – മോദി വിരുദ്ധത ഈ വിഷയത്തിൽ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയോ ഭയപ്പെടുന്ന അഴകൊഴമ്പൻ നിലപാട് സിപിഎം എടുക്കരുതെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. കേരളവും ഇന്ത്യയും സിപിഎം നിലപാട് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം രാജസ്ഥാൻ കോൺഗ്രസിൽ ഒരു തർക്കവുമില്ലെന്നും നൂറ് സീറ്റുകളിൽ ആദ്യ സീറ്റിംഗിൽ തന്നെ സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്നും കെസി വേണുഗോപാൽ പറഞ്ഞു. പകുതിയിലധികം സീറ്റുകളിലും ഒറ്റ പേരാണ് അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും നൽകിയതെന്നും കൂടുതൽ സ്ഥാനാർഥികളെ ഉടൻ പ്രഖ്യപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ തുറുപ്പുചീട്ട് സർക്കാരിൻറെ ഭരണനേട്ടമാണെന്നും മുഖ്യമന്ത്രിയായി തുടരുമെന്ന് അശോക് ഗെലോട്ട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടുന്ന രീതി കോൺഗ്രസിന് ഇല്ലെന്നും കെസി വേണുഗോപാൽ കൂട്ടിചേർത്തു.