മധ്യപ്രദേശിൽ ഇന്ത്യ സഖ്യമില്ല; കോൺഗ്രസിനെതിരെ വിമർശനവുമായി അഖിലേഷ് യാദവ്
മധ്യ പ്രദേശിൽ ഇന്ത്യ സഖ്യമില്ലാതെ മത്സരിക്കുന്നതിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വിഷയം വിശ്വാസ്യതയുടെയാണെന്നും കോൺഗ്രസ് ഇത്തരത്തിൽ പെരുമാറിയാൽ ആരും കൂടെ നിൽക്കില്ല എന്നും അഖിലേഷ് യാദവ് ഓർമ്മപ്പെടുത്തി.
ബിജെപി സംഘടനപരമായി ശക്തമാണെന്നും ആശയക്കുഴപ്പത്തോടെ പോരാടിയാൽ ബിജെപിയെ തോൽപ്പിക്കാൻ ആകില്ലെന്നും അഖിലേഷ് പറഞ്ഞു. സീറ്റ് നൽകാൻ താല്പര്യം ഇല്ലെങ്കിൽ സമാജ് വാദി പാർട്ടിയെ കോണ്ഗ്രസ് ചർച്ചക്ക് ക്ഷണിക്കരുതായിരുന്നു എന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ഒത്തു കളിക്കുകയാണെന്ന് അഖിലേഷ് ആരോപിച്ചിരുന്നു. സംസ്ഥാന തലത്തിൽ സഖ്യം ഉണ്ടാകില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ തന്റെ നേതാക്കളെ കോൺഗ്രസുമായി ചർച്ചക്ക് അയക്കുമായിരുന്നില്ല എന്നും അഖിലേഷ് പറഞ്ഞിരുന്നു.
അവസാന ഘട്ടം വരെ സമാജ് വാദി പാർട്ടിയുമായും, ഇടതു പാർട്ടികളുമായും ചർച്ച നടത്തിയെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ വേണ്ടെന്ന് നിലപാടിലാണ് കോൺഗ്രസ്.സംസ്ഥാനത്തെ 230 അംഗ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 227 സ്ഥാനാർത്ഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു.
88 സ്ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക യാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർഥികളെ മാറ്റി, പുതിയ സ്ഥാനാർഥി കളെ രണ്ടാം പട്ടികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.