Sunday, November 24, 2024
Latest:
Kerala

ബിജെപി-ജെഡിഎസ് സഖ്യത്തെ പിണറായി വിജയന്‍ പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ദേവഗൗഡ

Spread the love

ബിജെപി-ജെഡിഎസ് സഖ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചുവെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ. സഖ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പ്രതികരിച്ചു. ജെഡിഎസ് കേരളാ ഘടകം സിപിഐഎമ്മിന് ഒപ്പം നില്‍ക്കുന്നെന്നാണ് പറഞ്ഞത്. എന്‍ഡിഎ ബന്ധത്തില്‍ കര്‍ണാടകയ്ക്ക് പുറത്തുള്ള സംസ്ഥാന ഘടകങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും എച്ച് ഡി ഗേവഗൗഡ പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയാണെന്ന് എച്ച് ഡി ദേവഗൗഡ വെളിപ്പെടുത്തിയിരുന്നു. പിണറായി പൂര്‍ണസമ്മതം നല്‍കി,ഇക്കാരണത്താലാണ് പിണറായി സര്‍ക്കാരില്‍ ജെഡിഎസ് മന്ത്രിയുള്ളത്. ബിജെപി സഖ്യം പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തല്‍ വിവാദമായതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ബിജെപിയുമായി പിണറായിക്ക് വലിയ ബന്ധമുണ്ടെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കൂടുതല്‍ നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഏറ്റെടുത്തതോടെ മുഖ്യമന്ത്രി, ദേവഗൗഡയുടെ പ്രസ്താവന തള്ളി.

ജെഡിഎസിന്റെ സഖ്യം സംബന്ധിച്ച് ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. സ്വന്തം രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അസത്യം പറയുകയാണ്. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ്. ജെഡിഎസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ സിപിഐഎം ശ്രമിച്ചിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്നും ദേവഗൗഡ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിക്ക് എം.എല്‍.എമാരുണ്ടെന്നും അതിലൊരാള്‍ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്‍ട്ടി എം.എല്‍.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.