Thursday, June 12, 2025
Latest:
KeralaTop News

ആശ്വാസ തീരമണഞ്ഞു; വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി

Spread the love

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിന് പോയി കടലിൽ അകപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. ഇവരിൽ നാല് പേരെ കോസ്റ്റ് ഗാർഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ നാല് പേരെ നാളെ പുലർച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

മൂന്ന് നാൾ നീണ്ട ആശങ്കകൾക്കൊടുവിൽ വിഴിഞ്ഞത്ത് ആശ്വാസത്തിന്റെ സായാഹ്നം. കാണാതായതിൽ നാല് മത്സ്യത്തൊഴിലാളികളാണ് സുരക്ഷിതരായി തിരികെയെത്തിയത്. ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികൾക്ക് തിരിച്ചടിയായത്. കടൽ ശാന്തമായപ്പോൾ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീർന്നതോടെ നടുക്കടലിൽ കുടുങ്ങി. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാർഡെത്തിയാണ് ഇവരെ രക്ഷിച്ചത്.

ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളിൽ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.